ദുബായ്- കേരള സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലെ സംരംഭമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റസ് ലിമിറ്റഡ്(ഒഡെപെക്) കണ്‍സള്‍ട്ടിംഗ് കേന്ദ്രം യു.എ.ഇയില്‍ ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഗള്‍ഫില്‍ ജോലി ലഭിക്കുന്നതിന് ആവശ്യമുള്ളവര്‍ക്ക് അറബിക് ഭാഷയില്‍ കേരളത്തില്‍ പരിശീലനം നല്‍കും. നിലവില്‍ ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് പരിശീലനം നല്‍കുന്നത്. യു.എ.ഇയിലെ തന്റെ ആദ്യ സന്ദര്‍ശനത്തില്‍ ദുബായില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
യൂറോപ്പില്‍ യുകെ, ജര്‍മനി, ബെല്‍ജിയം, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒഡെപെക് ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള വിദഗ്ധരായ പ്രൊഫഷനലുകള്‍ക്കായി മധ്യപൂര്‍വദേശത്ത് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒട്ടേറെ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പ്രഫഷനലുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഒഡെപെക് ഏറെക്കാലമായി സജീവമാണെന്നും മന്ത്രി പറഞ്ഞു.