കോഴിക്കോട് - എ.പി.സി.ആർ (അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റസ്) പുറത്തിറക്കിയ റിപ്പോർട്ടിന്റെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. കോഴിക്കോട് മീഡിയാ വൺ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ, എക്‌സിക്യൂട്ടീവ് എഡിറ്റർ പി.ടി നാസർ, സീനിയർ സബ് എഡിറ്റർ നിഷാദ് റാവുത്തർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സുഹൈബ് സി.ടി, എ.പി.സി.ആർ കേരള ജനറൽ സെക്രട്ടറി നൗഷാദ് സി.എ എന്നിവർ ചേർന്നാണ് പ്രകാശനം നടത്തിയത്.
രാജ്യത്ത് മുസ്‌ലിംകൾക്കെതിരായ വംശഹത്യാശ്രമങ്ങളുടെ തുടർച്ചയാണ് ഹരിയാനയിൽ കണ്ടത്. ഭരണകൂടത്തിൻറേയും ജനാധിപത്യ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വംശഹത്യകൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബാബരി തകർക്കപ്പെട്ടതോടെ ഏത് സമയത്തും ഇല്ലാതാക്കപ്പെടാവുന്ന ശരീരങ്ങളും സമ്പത്തുമാണ് മുസ്‌ലിംകളുടേതെന്ന യാഥാർഥ്യം ഇവിടെ സ്ഥാപിക്കപ്പെട്ടു. എന്നാൽ ബാബരി വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതോടെ ദേശരാഷ്ട്രത്തിനുള്ളിൽ മറ്റൊരു തലത്തിലേക്ക് മുസ്‌ലിംകളുടെ അവസ്ഥ മാറി. ഈ രാജ്യത്ത് മുസ്‌ലിമിന്റെ ശരീരവും സമ്പത്തും അക്രമിക്കപ്പെടാമെന്ന് മാത്രമല്ല, അതിന് നിയമത്തിന്റെയും ഭരണഘടനയുടെയും കോടതിയുടെയും വരെ പിന്തുണ ഒരു മറയുമില്ലാതെ നൽകപ്പെടുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇത്.
രാജ്യത്ത് പൗരത്വനിയമം പാസാക്കപ്പെട്ടതോടെ മുസ്‌ലിംകളെ മാത്രം ഒരു നിയമത്തിൽനിന്ന് പുറത്താക്കുന്ന രീതിയിൽ ഒരു നിയമം വന്നാലും ജനാധിപത്യപരമായി അത് അംഗീകരിക്കപ്പെടുമെന്ന അവസ്ഥ വന്നു. മാത്രമല്ല പൗരത്വ നിയമം ഭരണഘടനയുടെ ഭാഗമായതോടെ പിന്നാക്കന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുള്ള അടിസ്ഥാനമാകുമെന്ന പ്രതീക്ഷിച്ചിരുന്ന ഭരണഘടന തന്നെ വിവേചനത്തിന്റെ അടിസ്ഥാനമാകുന്ന അവസ്ഥയാണ് ഉണ്ടായത്.
ഭരണസാമൂഹികരാഷ്ട്രീയ സ്വാധീനങ്ങളുപയോഗിച്ച് കൊളോണിയൽ കാലത്തിന്റെ അവസാനത്തിൽ തുടങ്ങിയ ആസൂത്രിതമായ മുസ്‌ലിം അപരവൽകരണത്തിന് ഭരണഘടനാജാനാധിപത്യ സ്ഥാപനങ്ങളുടെ കൂടി നിർലോഭമായ പിന്തുണയാണ് സംഘ്ഭരണ കാലത്ത് ലഭിക്കുന്നത്. ഇതിന് പുറമേയാണ് ആസൂത്രിതമായ മുസ്‌ലിംവംശഹത്യ ലക്ഷ്യംവെച്ചുകൊണ്ടുള്ള തുടർച്ചയായ അക്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഹിന്ദു ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി നടത്തപ്പെടുന്ന ഘോഷയാത്രകളാണ് ഇത്തരം അക്രമങ്ങൾക്ക് കാര്യമായി ഉപയോഗിക്കപ്പെട്ടത്. അടുത്ത കാലത്ത് നടന്ന മിക്ക മുസ്‌ലിംവിരുദ്ധ അക്രമങ്ങളുടെയും സാഹചര്യം ഇത്തരത്തിലായിരുന്നെന്ന് കാണാം. അതിന് പുറമേ ഗോരക്ഷ, ഹിജാബ്, ലൗജിഹാദ്, മതപരിവർത്തനം പോലുള്ള കാര്യങ്ങളും അക്രമങ്ങളുടെ അടിസ്ഥാനമായി വർത്തിക്കുന്നുണ്ട്.
മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കിടെയാണ് ഹരിയാന സർക്കാർ പിന്തുണയോടെ മേവാത്ത് മേഖല കേന്ദ്രീകരിച്ച് വ്യാപകമായ വംശഹത്യാ അക്രമങ്ങൾ നടത്തുന്നത്. അനുദിനം വംശഹത്യാ പദ്ധതികളിലേക്ക് നടന്നടുക്കുന്ന രാജ്യത്തിന്റെ നേർചിത്രം മനസ്സിലാക്കാനും പ്രതിരോധിക്കാനും സാധിക്കുമെന്നതിനാലാണ് ഇതുപോലുള്ള വസ്തുതാന്വേഷണ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. രാജ്യത്തിന് ദുരവസ്ഥ തിരിച്ചറിയാനും ഭരണകൂടങ്ങളും നിയമപാലകരും എങ്ങനെയാണ് വംശഹത്യക്ക് കൂട്ടുനിൽക്കുന്നതെന്ന് മനസ്സിലാക്കാനും റിപ്പോർട്ടിൻറെ വായന സഹായകമാകും. രാജ്യത്തിൻറെ അതിജീവനത്തിനുള്ള ഒരു ചുവടാണ് ഈ ശ്രമമെന്ന് എ.പി.സി.ആർ കേരള ജനറൽ സെക്രട്ടറി നൗഷാദ് സി.എ പറഞ്ഞു.