കണ്ണൂര്‍ - പീഡനക്കേസുകളില്‍ ജില്ലയില്‍ രണ്ടു പേര്‍ അറസ്റ്റിലാവുകയും രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറാണ് പിടിയിലായത്. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് പോക്‌സോ വകുപ്പ് ചുമത്തിഅറസ്റ്റ് ചെയ്തത്. മറ്റു ചില പെണ്‍കുട്ടികളും പീഡനത്തിന് ഇരയായതായി പരാതിയുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രവാസിയായ കണ്ണൂര്‍ ആയിക്കര സ്വദേശിയും അറസ്റ്റിലായി. പീഡന വിവരം പതിനാലുകാരിയായ പെണ്‍കുട്ടി ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് ബന്ധുക്കള്‍ കുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് പിതാവ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.
ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവങ്ങളില്‍ രണ്ട് പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു. ഇരിട്ടി, ഇരിക്കൂര്‍ സ്‌റ്റേഷനുകളിലാണ് കേസ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവിനെതിരെയാണ് ഇരിട്ടിയില്‍ കേസ്. സ്‌റ്റേഷന്‍ പരിധിയിലെ പതിമൂന്നു വയസുകാരിയുടെ പരാതിയിലാണ് ഇരിട്ടി സ്വദേശി പ്രകാശനെ (41)തിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇരിക്കൂറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നജി എന്ന യുവാവിനെ തിരെയാണ് കേസ്. സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാലയത്തില്‍ താമസിച്ചു പഠിക്കുന്ന ഒമ്പത് വയസുകാരന്റെ പരാതിയിലാണ് നജി എന്ന കണ്ടാലറിയാവുന്ന യുവാവിനെതിരെ പോലീസ് കേസെടുത്തത്. വിദ്യാലയത്തിന് സമീപത്തെ ഗ്രൗണ്ടിന് സമീപത്തെ കെട്ടിടത്തിന് പിറകില്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.