ലണ്ടൻ - ലോകകപ്പ് വനിതാ ഹോക്കിയിൽ അയർലന്റിന്റെ കുതിപ്പ് തുടരുന്നു. അമേരിക്കക്കു പിന്നാലെ ഇന്ത്യയെയും അട്ടിമറിച്ച പച്ചപ്പട ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെർത്തുറപ്പിക്കുന്ന ആദ്യ ടീമായി. ഇംഗ്ലണ്ടിനോട് സമനില സമ്മതിച്ചതിന് പിന്നാലെ അയർലന്റിനോട് തോറ്റതോടെ ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷ ത്രിശങ്കുവിലായി. പന്ത്രണ്ടാം മിനിറ്റിൽ അന്ന ഓ ഫഌനഗൻ നേടിയ ഏക ഗോളിനാണ് അയർലന്റ് ജയിച്ചത്. കൃത്യമായ പദ്ധതികളോടെ ആക്രമിച്ച അയർലന്റിനു മുന്നിൽ പതിവില്ലാത്ത വിധം വേഗം കുറഞ്ഞ ഇന്ത്യക്ക് താളം കണ്ടെത്താനേ ആയില്ല. പൂൾ ബി-യിൽ ഒന്നാം സ്ഥാനത്താണ് അയർലന്റ്.
നാല് പൂളുകളിലെ ഒന്നാം സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് മുന്നേറുക. രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും പരസ്പരം കളിച്ച് അവശേഷിച്ച നാലു ക്വാർട്ടർ ഫൈനൽ ബെർത്ത് നിശ്ചയിക്കും. പൂൾ ബിയിൽ അമേരിക്കയെ ഗോൾവ്യത്യാസത്തിൽ പിന്നിലാക്കി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഇന്ത്യക്ക് ഏഴ് പെനാൽട്ടി കോർണർ കിട്ടിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാൽ തങ്ങൾക്കു കിട്ടിയ ആദ്യ പെനാൽട്ടി കോർണർ മനോഹരമായ വേരിയേഷനോടെ അയർലന്റ് ഗോളാക്കി മാറ്റി. പതിനെട്ടാം മിനിറ്റിൽ സുനിതക്ക് ഗ്രീൻ കാർഡ് കിട്ടിയത് ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചതായിരുന്നു. എന്നാൽ പെനാൽട്ടി കോർണർ രക്ഷിച്ച് ഗോളി സവിത ഇന്ത്യയുടെ രക്ഷകയായി. ഇരുപത്തഞ്ചാം മിനിറ്റിലാണ് ഗോൾ മടക്കാൻ ഇന്ത്യക്ക് മികച്ച അവസരം കിട്ടിയത്. ഗുർജിത് കൗറിന്റെ ഫഌക്ക് ഹന്ന മാത്യൂസ് ഗോൾലൈനിൽ രക്ഷിച്ചു. തൊട്ടടുത്ത മിനിറ്റിൽ ലീലിമ മിൻസിന് അവസരം കിട്ടിയെങ്കിലും ഷോട്ട് കണക്റ്റ് ചെയ്യാനായില്ല. ഗുർജിത് അഞ്ചു തവണ പെനാൽട്ടി കോർണർ എടുത്തതിൽ ഒരു തവണ മാത്രമാണ് കുതിച്ചുവന്ന എതിരാളിയെ മറികടക്കാനായത്. അവസാന വേളയിൽ ഗോളിയെ പിൻവലിച്ച് ഒരു കളിക്കാരിയെ കൂടി ആക്രമണത്തിന് ഇറക്കിയെങ്കിലും വിജയം കണ്ടില്ല.