സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പ്രഖ്യാപനം ആശ്ചര്യം മാത്രമല്ല, എന്തുകൊണ്ടാണ് സമ്മേളനം വിളിച്ചത് എന്നതിനെക്കുറിച്ച നിരവധി ഊഹാപോഹങ്ങളും ഉളവാക്കിയിട്ടുണ്ട്. നോട്ട് നിരോധം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ നടപടികളില്‍ കാണുന്നത് പോലെ, നരേന്ദ്ര മോഡി സര്‍ക്കാരിന് നാടകീയത വളരെ ഇഷ്ടമാണ്. ഗവണ്‍മെന്റിന്റെ അപ്രതീക്ഷിതവും നിഗൂഢവുമായ നടപടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലെ സുതാര്യതക്ക് എതിരാണ്. വളരെക്കുറച്ച് പ്രത്യേക പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മാത്രമാണ് മുമ്പ് നടന്നിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെയും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെയും വാര്‍ഷികം ആഘോഷിക്കുന്നതിനായി 1972, 1992, 1997 വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള മൂന്ന് സെഷനുകള്‍ നടന്നു. ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കുന്നതിനായി 2017 ല്‍ ഒരു പ്രത്യേക സിറ്റിംഗ് നടന്നു. ഈ സിറ്റിങ്ങുകളുടെ അജണ്ട വളരെ നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും നേരെ പൊടുന്നനെ അഴിച്ചുവിട്ട ദുരൂഹമായ സംഭവങ്ങളല്ല അവ.
സമ്മേളനം പ്രഖ്യാപിക്കുന്ന രീതിയിലും അപാകമുണ്ടായി. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം എം.പിമാരോട് പറയുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. പാര്‍ലമെന്ററി നടപടികളുടെ പ്രധാന സവിശേഷതകളായ ചോദ്യോത്തര വേളയും സീറോ അവറും സെഷനില്‍ ഉണ്ടാകില്ല. സ്വകാര്യ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി സമയമില്ല. സമ്മേളനത്തെക്കുറിച്ച് സസ്‌പെന്‍സ് ഉയര്‍ത്തുകയും അത് വളരെ പ്രാധാന്യമുള്ള ചില കാര്യങ്ങളെക്കുറിച്ചായിരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്ത ശേഷം, എന്തുകൊണ്ടാണ് സമ്മേളനം വിളിച്ചതെന്ന് സര്‍ക്കാര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. ഫലപ്രദമായ ചില ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഈ രഹസ്യസ്വഭാവം സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവിധ ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാധ്യമങ്ങളും എം.പിമാരും രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്ററി ജനാധിപത്യത്തിലെ മറ്റ് പങ്കാളികളും സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്നത് ദൗര്‍ഭാഗ്യകരമാണ്.
സമ്മേളനത്തെ ദുരൂഹമാക്കിയതിലൂടെ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളോടും എം.പിമാരോടും ജനങ്ങളോടും അനീതി കാണിക്കുകയാണ്. സാധാരണ, സെഷന്റെ അജണ്ട കാര്യോപദേശ സമിതി തീരുമാനിക്കുകയും കൃത്യസമയത്ത് പരസ്യമാക്കുകയും ചെയ്യുന്നു. പാര്‍ട്ടികള്‍ക്കും അംഗങ്ങള്‍ക്കും അജണ്ടയിലെ ഇനങ്ങള്‍ പഠിക്കാനും സഭയില്‍ ചര്‍ച്ചക്കും സംവാദത്തിനും തയാറെടുക്കാനും ഇത് മതിയായ സമയം നല്‍കുന്നു. അത്തരം വിവരങ്ങള്‍ മറച്ചുവെക്കുകയും എല്ലാവരേയും അവരുടെ സ്വന്തം ഊഹത്തിന് വിടുകയും ചെയ്യുന്നത് തെറ്റാണ്. ഇത് പാര്‍ലമെന്റിനോടും ജനങ്ങളോടുമുള്ള അനാദരവിന് തുല്യമാണ്. മറ്റുള്ളവരിലുള്ള വിശ്വാസക്കുറവ്, ഗൂഢാലോചനാപരമായ പെരുമാറ്റം, സ്വേച്ഛാധിപത്യം, ഒരാള്‍ മിടുക്കനും മറ്റുള്ളവരെക്കാള്‍ നന്നായി അറിയുന്നവനുമാണ് എന്ന ആശയം തുടങ്ങിയ സ്വഭാവ സവിശേഷതകളുമായി സസ്‌പെന്‍സും രഹസ്യാത്മകതയും ബന്ധപ്പെട്ടിരിക്കുന്നു. ഭരണത്തിലും പൊതുകാര്യങ്ങളിലും അത് മറ്റുള്ളവരോടുള്ള ബഹുമാനക്കുറവും അവര്‍ക്ക് ഇടം നല്‍കാനുള്ള വിസമ്മതവുമാണ് കാണിക്കുന്നത്. അത് ജനാധിപത്യത്തിന്റെ ആത്മാവിന് എതിരാണ്.