തിരുവനന്തപുരം - വയനാട് മുട്ടിൽ മരംമുറി കേസിലെ അന്വേഷണ സംഘത്തിൽനിന്നും തിരൂർ ഡിവൈ.എസ.്പി വി.വി ബെന്നിയെ മാറ്റില്ല. മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതിനാൽ അന്വേഷണ തലപ്പത്തുനിന്നും മാറ്റണമെന്ന ഡിവൈ.എസ്.പി ബെന്നിയുടെ ആവശ്യം ഡി.ജി.പി തള്ളി. മരംമുറിക്കേസിൽ കുറ്റപത്രം വേഗത്തിൽ നൽകാനും ഡി.ജി.പി നിർദേശിച്ചു.
വയനാട് മുട്ടിലെ പട്ടയ ഭൂമിയിൽ നിന്നും വ്യാജ രേഖകളുണ്ടാക്കി കോടികളുടെ രാജകീയ മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. കർഷകരെ കബളിപ്പിച്ചും വ്യാജ രേഖകളുണ്ടാക്കിയും കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് പെരുമ്പാവൂരിലെ മില്ലിലേക്ക് അടക്കം കടത്തുന്നതിനിടെ ചില ലോഡുകൾ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരൻമാരെ അറസ്റ്റ് ചെയ്യതും തെളിവുകൾ ശേഖരിച്ചതും ഡിവൈ.എസ്.പി ബെന്നിയാണ്.
പട്ടയഭൂമിയിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റാനാണ് ഭൂ ഉടമകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ, ഇത് മറയാക്കി അഗസ്റ്റിൻ സഹോദരങ്ങൾ കർഷകരുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി മരംമുറിച്ച് കടത്തുകയായിരുന്നു. സംഭവത്തിൽ പണം നൽകി സ്വാധീനിച്ചാണ് മരം മുറിച്ചതെന്ന് കർഷകരും പറഞ്ഞിരുന്നു. പോലീസും വനംവകുപ്പും പിടിച്ചെടുത്ത മരം മുട്ടിലിൽ നിന്നും മുറിച്ചു കടത്തിയതാണെന്ന് പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിന്റെ ഡി.എൻ.എ പരിശോധനയിലും തെളിഞ്ഞിരുന്നു. ഇതിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബെന്നിക്കെതിരെ കേസിലെ പ്രതികൾ തങ്ങളുടെ മാധ്യമ സ്വാധീനം ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിച്ച് വേട്ടയാടാൻ ശ്രമമുണ്ടായത്.