കൊച്ചി - കൊച്ചിയിൽ നേഴ്‌സിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച യുവാവ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. എറണാകുളം കുറുപ്പുംപടി സ്വദേശിനിയും കോലഞ്ചേരി നഴ്‌സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുമായ അൽക്കയെയാണ് യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ ആക്രമിച്ച യുവാവിനെ തേടി പോലീസ് ഇരിങ്ങോലിലെ ബേസിലിന്റെ വീട്ടിൽ എത്തിയപ്പോൾ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബേസിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ഈ സമയം യുവതിയെ കൂടാതെ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ബേസിൽ യുവതിയെ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച മുത്തശ്ശൻ ഔസേപ്പിനും വെട്ടേറ്റിട്ടുണ്ട്.
യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പ്രതികരിച്ചു.