- പ്രതി മരിച്ചു
തലശ്ശേരി- മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതി മരിച്ചതോടെ വിവാദമായ ഈ കേസ് നടപടികൾ തലശ്ശേരി ജില്ലാ സെഷൻസ് കോടതി അവസാനിപ്പിക്കും. കേസ് കോടതിയുടെ പരിഗണനക്ക് വരാനിരിക്കേയാണ് കേസിലെ പ്രതിയായ നാദാപുരം വളയം സ്വദേശി കുറ്റിക്കാട്ടിൽ പിലാവുള്ളതിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (72) മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് കൃഷ്ണൻ നമ്പ്യാർ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വളയത്ത് മരണപ്പെട്ടത്. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരണ സർട്ടിഫിക്കറ്റ് പ്രോസിക്യൂഷൻ വിചാരണ കോടതി മുമ്പാകെ ഹാജരാക്കുന്നതോടെ കേസ് കോടതി അവസാനിപ്പിക്കും. ഇതോടെ കോളിളക്കം സൃഷ്ടിച്ച ഒരു കേസാണ് കാലയവനികക്കുള്ളിലേക്ക് മറയുന്നത.്
പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായ സമയത്താണ് കേസിനാസ്പദമായ സംഭവം. പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് സമീപം പ്രതിയായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ തോക്കുമായെത്തുകയായിരുന്നു.
ആർ.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി പിണറായിയെ വധിക്കാനാണ് താൻ എത്തിയതെന്ന് കുഞ്ഞികൃഷ്ണൻ നമ്പ്യാർ കുറ്റസമ്മത മൊഴി നടത്തിയിരുന്നു. 0.22 കാലിബർ എയർഗണ്ണും 23 സെന്റി മീറ്റർ നീളമുള്ള കൊടുവാളുമായാണ് പ്രതിയെ പിടികൂടിയിരുന്നത.് പിണറായിയുടെ പാണ്ഡ്യാലമുക്കിലെ വീട്ടിൽ നിന്ന് 85 മീറ്റർ മാറി ബസ് സ്റ്റോപ്പിന് സമീപത്തെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിനടിയിൽ ആയുധങ്ങളും തോക്കും ഒളിപ്പിക്കുകയായിരുന്നു. 2013 ഏപ്രിൽ മൂന്നിന് രാത്രി 8.15 ഓടെയാണ് പ്രതിയെ പിടികൂടിയിരുന്നത.് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതിയെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പിറ്റന്ന് തന്നെ റിമാന്റ് ചെയ്തിരുന്നു.
2016 മെയിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈ.എസ്.പി വി.കെ പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നത.്
കുഞ്ഞികൃഷ്ണൻ നമ്പ്യാരിൽനിന്ന് പിടികൂടിയ തോക്കിൽനിന്ന് വെടിയേറ്റാൽ അപകടം സംഭവിക്കുമെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവ ശേഷം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വെടിമരുന്നും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. ഇവയെല്ലാം വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്റസ് ആക്ട്ും ആംസ് ആക്ടും ഉള്ളതിനാൽ ഈ കേസിന്റെ കുറ്റപത്രം സർക്കാർ അനുമതിയോടെയാണ് സമർപ്പിച്ചിരുന്നത.് കണ്ണൂർ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് തോക്ക് എയർ ഗണ്ണാണെന്ന് സ്ഥിരീകരിച്ചിരുന്നത.് ഈ കേസുമായി ബന്ധപ്പെട്ട് ആർ.എം.പി ഒഞ്ചിയം ഏരിയാ സെക്രട്ടറി എൻ.വേണു, ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമ, രമയുടെ പിതാവ് മാധവൻ എന്നിവരുൾപ്പെടെ 125 സാക്ഷികളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി നാദാപുരം, ഒഞ്ചിയം, വളയം പ്രദേശങ്ങളിൽ നടന്ന ആർ.എം.പി പൊതുയോഗങ്ങളുടെ വീഡിയോ ക്ലിപ്പിംഗുകളും പോലീസ് ശേഖരിച്ചിരുന്നു. കേസിൽ പ്രതിയായ കുഞ്ഞികൃഷ്ണൻ നമ്പ്യാർക്ക് സംഭവത്തിന് ശേഷം മാസങ്ങൾ റിമാന്റിൽ കഴിയേണ്ടി വന്നിരുന്നു. പ്രതി മരണപ്പെട്ടതോടെ കേസ് നടപടികളും ഇല്ലാതായി.