തൃശൂര്‍- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ആദ്യ അറസ്റ്റുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിനുശേഷമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ഇ.ഡി ആദ്യ അറസ്റ്റിലേക്കു കടന്നത്. ഇരുവരെയും ചൊവ്വാഴ്ച കൊച്ചിയിലെ പി.എം.എല്‍.എ കോടതിയില്‍ ഹാജരാക്കും. സതീഷ് കുമാറാണ് കേസിലെ പ്രധാന പ്രതി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഇഡി വ്യക്തമാക്കി.
സി.പി.എം നേതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായ സതീഷ് കുമാര്‍. ഇയാള്‍ ബിനാമിയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ ബാങ്കുമായി നേരിട്ട് ബന്ധമുള്ളയാളല്ല. പക്ഷേ, ബാങ്കില്‍നിന്ന് തട്ടിയെടുത്ത ലോണുകളില്‍ പലതും കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. സതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മറ്റു പലരും ബാങ്കില്‍നിന്ന് കള്ളപ്പേരുകളില്‍ ലോണ്‍ എടുത്തിരുന്നതെന്നും ഇഡി കണ്ടെത്തി.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി നോട്ടിസ് നല്‍കിയ മുന്‍ മന്ത്രി എ.സി. മൊയ്തീനുമായി ബന്ധമുള്ളയാളാണ് സതീഷ് കുമാറെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.