അബുദാബി- സ്വകാര്യമേഖലയിലെയും ഫ്രീ സോണുകളിലെയും ജീവനക്കാര്‍ക്ക് അവരുടെ സേവന കാലാവസാന ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് യു..എഇ മന്ത്രിസഭ പുതിയ സംവിധാനം അംഗീകരിച്ചു. തൊഴിലുടമകള്‍ക്ക് ചേരുന്നത് ഐച്ഛികമായിരിക്കും.
മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒരു സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിക്കും. ജീവനക്കാരുടെ എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങള്‍ ഒന്നിലധികം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഫണ്ടില്‍ നിക്ഷേപിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
'തൊഴിലാളികളുടെ സമ്പാദ്യം സംരക്ഷിക്കുക ... അവര്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം,' ശൈഖ് മുഹമ്മദ് പറഞ്ഞു. 'അത് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും കുടുംബങ്ങള്‍ക്ക് സ്ഥിരത നല്‍കുകയും ചെയ്യും.'
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാമെന്നു യു.എ.ഇ വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റി ലഭിക്കും. തുടര്‍ച്ചയായ സേവനത്തില്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് ഈ എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ അവരുടെ പ്രൊഫഷണല്‍ ലെവലുകള്‍ പരിഗണിക്കാതെ പുതിയ സംവിധാനത്തില്‍ ചേര്‍ക്കാനും പ്രതിമാസ വിഹിതം നല്‍കാനും തിരഞ്ഞെടുക്കാം.
തൊഴിലുടമയുമായുള്ള തൊഴില്‍ ബന്ധം അവസാനിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് സേവനത്തിന്റെ അവസാന ആനുകൂല്യങ്ങളും റിട്ടേണുകളും നല്‍കും.
തൊഴിലുടമകള്‍ക്ക്, ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഈ സ്‌കീമിന് പരമ്പരാഗത സംവിധാനത്തേക്കാള്‍ കുറഞ്ഞ ചിലവേ വരൂ. കൂടാതെ, ഈ സ്‌കീം കൂടുതല്‍ ആകര്‍ഷകമായ നിബന്ധനകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ജീവനക്കാരെ നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
കഴിഞ്ഞ മാസം, സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ നാഷണല്‍ ബോണ്ട്‌സ് അതിന്റെ വാര്‍ഷിക സൂചികയില്‍ 82 ശതമാനം തൊഴിലാളികളും ഗ്രാറ്റുവിറ്റിക്ക് വേണ്ടി നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
2022 ല്‍ ദുബായ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കായി ഒരു എന്‍ഡ് ഓഫ് സര്‍വീസ് സേവിംഗ്‌സ് സ്‌കീം പ്രഖ്യാപിച്ചിരുന്നു.