Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ കൊണ്ട് വിശപ്പടക്കാനാവില്ല, കര്‍ണാടകത്തില്‍ അതാണ് കണ്ടത്- ശശി തരൂര്‍

തിരുവനന്തപുരം- ഹിന്ദുത്വ കൊണ്ട് മാത്രം ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് ശശി തരൂര്‍ എം.പി. ഹിന്ദുത്വ കൊണ്ട് വിശപ്പടക്കാനാവില്ല. ഹിന്ദുത്വവാദികള്‍ക്കും തൊഴില്‍ കിട്ടണം, അരിയും മറ്റ് അടിസ്ഥാന വസ്തുക്കളും വാങ്ങണം. ഹിന്ദുത്വ കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. കര്‍ണാടകത്തില്‍ അതാണ് കണ്ടതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നിത്യജീവിതത്തില്‍ നമ്മള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഹിന്ദുത്വയല്ല മറുപടി. സ്‌കൂട്ടറെടുത്ത് പെട്രോള്‍ പമ്പിലെത്തിയാല്‍ ഹിന്ദുത്വ കൊണ്ട് പെട്രോള്‍ അടിക്കാനാവില്ല. ഹിന്ദുത്വ കൊണ്ട് വയറ് നിറയ്ക്കാനാവില്ല. സാധാരണക്കാരുടെ വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ജനങ്ങള്‍ക്ക് വേണ്ടി ചിന്തിക്കുന്ന സര്‍ക്കാരാണ് വേണ്ടത്. ഇക്കഴിഞ്ഞ പത്ത് വര്‍ഷം ബി.ജെ.പി. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്? പെട്രോള്‍ വില പിടിച്ചുനിര്‍ത്താനായി പ്രയത്‌നിച്ച സര്‍ക്കാരായിരുന്നു യു.പി.എയുടേത്. ഇതിപ്പോള്‍ ലോകമെമ്പാടും പെട്രോള്‍ വില താഴ്ന്നപ്പോഴും പെട്രോള്‍ വില ഉയര്‍ത്തി ഖജനാവിലേക്ക് പണം സ്വരുക്കൂട്ടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഹിന്ദുത്വ കൊണ്ട് മാത്രം വോട്ട് നേടാനാവുന്ന കാലം കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്.

അടുത്തിടെ മുംബൈയില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്ന ഒരു സദസ്സിനോട് ഇക്കഴിഞ്ഞ ഒമ്പതര വര്‍ഷത്തില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ ഏതെങ്കിലും പ്രവൃത്തി നിങ്ങളുടെ ജീവിതത്തില്‍ കാതലായ മാറ്റമുണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചു. അതില്‍ ഒരു സ്ത്രീ മാത്രമാണ് മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞത്. ബാക്കി 499 പേരുടെയും ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ ബി.ജെ.പി. സര്‍ക്കാരിനായിട്ടില്ല. 2019 ല്‍ ഇതേ അവസ്ഥയുണ്ടായിരുന്നു. പക്ഷേ, ആ സമയത്താണ് പുല്‍വാമയും ബാലക്കോട്ടും ഉണ്ടായത്. രാജ്യസുരക്ഷ ഒന്ന ഒരൊറ്റ അജണ്ടയുടെ മറവില്‍ മറ്റെല്ലാം ഒളിപ്പിക്കാന്‍ അന്ന് ബി.ജെ.പിക്ക് കഴിഞ്ഞു. പക്ഷേ, ഇത്തവണ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പിക്കാവില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ ബി.ജെ.പി. തയാറായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News