തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്റെ ഉപഹര്‍ജി. പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ലോകായുക്തയിലാണ് ഉപ ഹര്‍ജി നല്‍കിയത്. സി പി എമ്മിന്റെ മുന്‍ എം എല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാര്‍ക്ക് നിഷ്പക്ഷ വിധിന്യായം നടത്താന്‍ സാധിക്കില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരെയാണ് ശശികുമാര്‍ കേസ് നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും അന്തരിച്ച മുിന്‍ എം എല്‍ എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടര ലക്ഷം രൂപയും നല്‍കിയത് ചോദ്യം ചെയ്താണ് ആര്‍ എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചിരുന്നത്. ഇതില്‍ ഹിയറിംഗ് പൂര്‍ത്തിയാക്കി വിധി പറയാനുള്ള ഘട്ടത്തിലാണ്.