കണ്ണൂർ - കീഴാറ്റൂരിൽ തണ്ണീർത്തടം നികത്തി ബൈപാസ് പണിയുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിനെതിരെ സമരം ശക്തമാക്കുമെന്ന് വയൽക്കിളി സമര നായകൻ സുരേഷ് കീഴാറ്റൂർ. ഇതിനെ നിയമപരമായും ജനകീയമായും നേരിടുമെന്ന് സുരേഷ് വ്യക്തമാക്കി. ഇതിനു മുന്നോടിയായി ഇന്ന് സംയുക്ത സമര സമിതി യോഗം ചേരും.
ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ തന്നെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നുണ്ട്. സർക്കാർ മുൻകൈയെടുത്ത് അലൈൻമെന്റ് മാറ്റണം. വയൽക്കിളികളുടെ പോരാട്ടത്തിന് പരിസ്ഥിതി റിപ്പോർട്ട് ഉപയോഗിക്കും. കീഴാറ്റൂർ വയൽ മണ്ണിട്ട് നികത്താൻ അനുവദിക്കില്ല. ഇനിയും സമരം ശക്തമാക്കും. ആദ്യ അലൈന്റിലൂടെ തന്നെ റോഡ് നിർമ്മിക്കണമെന്നും സുരേഷ് പറഞ്ഞു.
കേന്ദ്ര പരിസ്ഥിതി സംഘത്തിന്റെ നിർദ്ദേശങ്ങൾ തളളിയാണ് ദേശീയ പാത വിഭാഗം ബൈപാസ് റോഡിന്റെ 3 ഡി അലൈൻമെന്റ് പുറത്തിറക്കിയത്. മൂന്നു നിർദ്ദേശങ്ങളാണ് അതോറിറ്റിക്കു മുമ്പാകെ എത്തിയിരുന്നത്. അതിൽ ഏറ്റവും കുറവ് ആളുകളെ പുനരധിവസിപ്പിക്കേണ്ടി വരുന്ന മൂന്നാമത്തെ അലൈൻമെന്റാണ് തെരഞ്ഞെടുത്തത്. ഇതിനെതിരെയാണ് ദേശീയ ശ്രദ്ധ ആകർഷിച്ച കീഴാറ്റൂർ സമര പരമ്പര നടന്നത്. തുടർന്നാണ് കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ച് രിപ്പോർട്ട് തയ്യാറാക്കിയതും അതോറിറ്റിക്കു സമർപ്പിച്ചതും. ഇതിൽ ബദൽ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന് വ്യക്തമായി നിർദ്ദേശിച്ചിരുന്നു. വലിയ പരിസ്ഥിതി ആഘാതമുണ്ടാക്കുന്നതാണ് ഈ അലൈൻമെന്റെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞാണ് പഴയ രീതിയിൽ തന്നെയുള്ള അലൈൻമെന്റിനു ദേശീയ പാതാ അധികൃതർ അംഗീകാരം നൽകിയത്.
പയ്യന്നൂർ - തളിപ്പറമ്പ് ദേശീയ പാതയിലെ ചുടലയിൽ നിന്നാരംഭിച്ച് കുപ്പം പുഴക്കു കുറുകെ പുതിയ പാലം വഴി കീഴാറ്റൂരിലും കൂവോട്ടും വഴി കുറ്റിക്കോലിലെത്തുന്നതാണ് ഇപ്പോൾ അംഗീകാരം നൽകിയ അലൈൻമെന്റ്. ദേശീയപാത 17 നാലു മുതൽ ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ 54 ഹെക്ടറോളമാണ് ഏറ്റെടുക്കുന്നത്. കരിവെള്ളൂർ മുതൽ പാപ്പിനിശ്ശേരി വില്ലേജ് അതിർത്തിയായ വളപട്ടണം പാലം വരെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. ഈ വിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. കീഴാറ്റൂരിൽ 73 ഭൂവുടമകളിൽ നിന്നായി 12.22 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിൽ 9 ഹെക്ടറോളം സ്ഥലം വയലാണ്. സ്ഥലമേറ്റെടുക്കലിനെതിരെ പ്രദേശവാസികളിൽ ചിലർ കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ച ശേഷമാണ് സ്ഥലമേറ്റെടുക്കലിനു അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കീഴാറ്റൂരിനു പുറമെ, പാപ്പിനിശ്ശേരി തുരുത്തി പട്ടിക ജാതി കോളനി നിവാസികളും ഭൂമി ഏറ്റെടുക്കലിനെതിരെ മാസങ്ങളായി സമര രംഗത്താണ്. 25 ലധികം വീടുകളും ആരാധനാലയങ്ങളുമുള്ള ഈ പ്രദേശം മുഴുവൻ കുടിയൊഴിപ്പിക്കപ്പെടും. ഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നു തുരുത്തി നിവാസികളും വ്യക്തമാക്കിക്കഴിഞ്ഞു.
അന്തിമ വിജ്ഞാപന പ്രകാരം 377 ഭൂവുടമകളുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കരിവെള്ളൂർ, കോറോം, പരിയാരം, തളിപ്പറമ്പ്, വെള്ളൂർ, ചെറുതാഴം, കടന്നപ്പള്ളി, കുഞ്ഞിമംഗലം, കല്യാശ്ശേരി, മൊറാഴ, പാപ്പിനിശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ടതാണ് ഈ സ്ഥലങ്ങൾ.