തിരുവനന്തപുരം - പേയിംഗ് ഗസ്റ്റുകളെ താമസിപ്പിക്കുന്നവര്‍ ഇനി മുതല്‍ 12 ശതമാനം ജി.എസ്.ടി നല്‍കേണ്ടി വരും. പേയിംഗ് ഗസ്റ്റില്‍നിന്ന് ഈടാക്കുന്ന വാടകക്കും ഹോസ്റ്റല്‍ താമസത്തിനും ജി.എസ്.ടി ചുമത്തണമെന്ന റൂളിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഹോസ്റ്റലുകള്‍ ബിസിനസ് സേവനങ്ങളാണെന്നും അതിനാല്‍ ജി.എസ്.ടി. ഒഴിവാക്കാനാകില്ലെന്നുമാണ് ജി.എസ്.ടിയുടെ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ്ങില്‍ (എ.എ.ആര്‍) പറയുന്നത്. കര്‍ണാടക ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ റൂളിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതു പ്രാവര്‍ത്തികമാക്കേണ്ടി വരിക.
മുമ്പ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍, ഹോട്ടലുകള്‍, സത്രങ്ങള്‍, 1000 രൂപ വരെ പ്രതിദിന വാടകയുള്ള ഗസ്റ്റ് ഹോമുകള്‍ എന്നിവക്കു ജി.എസ്.ടി ഇല്ലായിരുന്നു. എന്നാല്‍ പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടലുകള്‍ക്കും ഗസ്റ്റ് ഹോമുകള്‍ക്കുമുള്ള ജി.എസ്.ടി. ഇളവ് നീക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് വിഷയം സങ്കീര്‍ണമായത്. ഹോസ്റ്റല്‍ വാടക പ്രതിദിനം 1000 രൂപക്കു താഴെയാണെങ്കില്‍ 12 ശതമാനം ജി.എസ്.ടി ബാധകമാണെന്നു മറ്റൊരു കേസില്‍ എ.എ.ആര്‍. ലഖ്‌നൗ ബെഞ്ചും വ്യക്തമാക്കിയിരുന്നു. ഇതെല്ലാംകൂടി വരുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചെറുകിട ശമ്പളക്കാര്‍ക്കും തിരിച്ചടിയാകും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തില്‍ നികുതിവരുമാനം വര്‍ധിക്കുന്നത് സര്‍ക്കാരിന് ആശ്വാസമായേക്കും.