Sorry, you need to enable JavaScript to visit this website.

ഗ്രോ വാസു വീണ്ടും ജയിലിലേക്ക് മടങ്ങി, കേസ് ഇനി 12 ന്

കോഴിക്കോട്- നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു സമീപം പ്രതിഷേധിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ വിചാരണ സെപ്റ്റംബര്‍ 12 ലേക്ക് മാറ്റി. കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ മാറ്റിയത്. കേസ് നീട്ടിക്കൊണ്ടുപോകുകയാണോ ലക്ഷ്യമെന്ന് ഗ്രോ വാസു കോടതിയില്‍ ആരാഞ്ഞു. എന്നാല്‍ അങ്ങനെ കേസ് നീട്ടാന്‍ കഴിയില്ലെന്ന് കോടതി മറുപടി നല്‍കി.

അതിനിടെ, കേസിലെ ഏഴാം പ്രോസിക്യൂഷന്‍ സാക്ഷി ലാലു കൂറുമാറി. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടില്ലെന്ന് പറഞ്ഞ ലാലു, മൊഴി പോലീസ് വായിച്ചുകേള്‍പ്പിച്ചില്ലെന്നും കോടതിയെ അറിയിച്ചു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

കോടതിയില്‍നിന്നിറങ്ങിയ ഗ്രോ വാസു ഇങ്ക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് ഗ്രോ വാസുവിന്റെ വായ് പൊത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. പോലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ജയിലിലേക്ക് കൊണ്ടുപോയി.

 

Latest News