മദീന - നാല്‍പത്തിമൂന്നാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ മദീനയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളും പ്രധാന അടയാളങ്ങളും ചരിത്ര മസ്ജിദുകളും സന്ദര്‍ശിച്ചു. ഇസ്‌ലാമികകാര്യ മന്ത്രാലയം ഒരുക്കിയ സാംസ്‌കാരിക പ്രോഗ്രാമിന്റെ ഭാഗമായാണ് 117 രാജ്യങ്ങളില്‍ നിന്നുള്ള 166 മത്സരാര്‍ഥികള്‍ക്ക് മദീനയിലെ പ്രധാന ചരിത്ര കേന്ദ്രങ്ങളും അടയാളങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയത്.
ഉഹദ് മല, ഉഹദ് ശുഹദാക്കളുടെ മഖ്ബറ, പ്രവാചക കാലത്ത് ആദ്യമായി നിര്‍മിച്ച പള്ളി ആയ ഖുബാ മസ്ജിദ്, പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട എക്‌സിബിഷന്‍, മ്യൂസിയം എന്നിവയെല്ലാം സന്ദര്‍ശിച്ച മത്സരാര്‍ഥികള്‍ മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലുകയും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. ചരിത്ര കേന്ദ്രങ്ങളെ കുറിച്ച് ഖുര്‍ആന്‍ മത്സര സൂപ്പര്‍വൈസര്‍മാര്‍ മത്സരാര്‍ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി.