കോഴിക്കോട്- എസ്. ഹരീഷിന്റെ 'മീശ' നോവൽ പിൻവലിച്ചതിനെ തുടർന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസ്ഥാനത്ത് ഏറെ ചർച്ച നടക്കുന്നതിനിടെ ഒരു സ്വകാര്യ ജ്വല്ലറിയുടെ പരസ്യം ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.
കല്യാൺ ജ്വല്ലേഴ്‌സിന്റെ ട്രസ്റ്റ് കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ അഞ്ചാമത്തെ പരസ്യമാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ജൂലൈ ആദ്യവാരത്തിലാണ് ഈ പരസ്യം മലയാളത്തിലെ ചാനലുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയത്. റിട്ടയേർഡ് ഉദ്യോഗസ്ഥൻ മകളോടൊപ്പം ബാങ്കിൽ വരികയും തന്റെ പെൻഷൻ അക്കൗണ്ട് ബുക്കിൽ രണ്ടു പ്രാവശ്യം ചേർത്തിയതായി മാനേജറെ അറിയിക്കുന്നതോടെയാണ് പരസ്യം തുടങ്ങുന്നത്. ഇത് പിൻവലിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ അതു വലിയ പണിയാണെന്നും ഇതൊന്നും ആരും അറിയാൻ പോകുന്നില്ലെന്നും പണം അക്കൗണ്ടിൽ കിടന്നോട്ടെ എന്നുമായിരുന്നു മാനേജറുടെ മറുപടി. എന്നാൽ നിർബന്ധമായി അതു പിൻവലിക്കണമെന്നും അത് എന്റെ വിശ്വാസത്തിന്റെ ഭാഗമായുള്ള നിർബന്ധമാണെന്നും റിട്ടയേർഡ് ഉദ്യോഗസ്ഥനും മകളും പറയുന്നതോടെ മാനേജർ അതിന് തയാറാവുകയാണ്. ഈ സമയത്ത് വിശ്വാസം അതല്ലേ എല്ലാം എന്ന കല്യാൺ ജ്വല്ലറിയുടെ പരസ്യ വാചകവും ലോഗോയുമെല്ലാം കടന്നുവരികയാണ്.
കഴിഞ്ഞയാഴ്ചയാണ് ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂണിയൻ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നത്. ഈ പരസ്യം ബാങ്ക് ജീവനക്കാരെ ഒന്നാകെ അപമാനിക്കുന്നതാണെന്നും ജീവനക്കാർ ഒരിക്കലും ഇത്തരം കൃത്രിമത്വങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും എന്നാൽ പരസ്യം ആ രീതിയിൽ ജനങ്ങൾക്കിടയിൽ ജീവനക്കാരെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും പറഞ്ഞുകൊണ്ടാണ് ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചത്. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കല്യാൺ ജ്വല്ലേഴ്‌സ് പരസ്യം പിൻവലിക്കുന്നതായി പ്രസ്താവന ഇറക്കിയത്. എൽ & കെ, സാച്ചി ആന്റ് സാച്ചി എന്ന ഏജൻസിയാണ് പരസ്യം തയാറാക്കിയത്. അമിതാഭ് ബച്ചനും മഞ്ജു വാര്യരുമാണ് പരസ്യത്തിലെ പ്രധാന അഭിനേതാക്കൾ. പൊതുവേ ലിബറൽ ചിന്താഗതി വെച്ചുപുലർത്തുന്ന ഇടതുപക്ഷ അനുകൂലികളായ ബാങ്ക് യൂണിയനുകളാണ് ഒരു സർഗാത്മക രീതിയിൽ തയാറാക്കിയ പരസ്യത്തിനെതിരെ രംഗത്തു വന്നു എന്നുള്ളതാണ് പരസ്യം പിൻവലിച്ച ശേഷം ഏറെ നവ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്.