അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം - അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍  20 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്  പറഞ്ഞു. തൊഴിലരങ്ങത്തേക്ക് എന്ന അഭ്യസ്ത വിദ്യരായ സ്ത്രീകള്‍ക്കുള്ള തൊഴില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി. സ്ത്രീശാക്തീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സാമ്പത്തിക ശാക്തീകരണം. സാമ്പത്തിക ശാക്തികരണം സാധ്യമാകുന്നത്  തൊഴില്‍ ഉറപ്പാക്കി, സാമ്പത്തികമായ സ്വാതന്ത്ര്യം നേടുന്നതിലൂടെയാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളുകള്‍ ധാരാളമായുഉള്ള സംസ്ഥാനമെന്ന നിലയില്‍ ആഗോളതലത്തില്‍ തന്നെ കേരളത്തില്‍ നിന്നുള്ള  പ്രൊഫഷണലുകള്‍ക്ക് വലിയ സ്വീകാര്യതയാണ്.  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യു കെയില്‍ നടത്തിയ  സന്ദര്‍ശനത്തെ തുടര്‍ന്ന് നാലു തവണയാണ് ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിനായി കേരളത്തില്‍  ജോബ് ഫെസ്റ്റ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.  സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചില  പ്രശ്നങ്ങള്‍ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. മികച്ച പ്രവര്‍ത്തനത്തിലൂടെ ചരിത്രത്തിലാദ്യമായി വനിത വികസന കോര്‍പ്പറേഷന്‍ ലാഭ വിഹിതം മുഖ്യമന്ത്രിക്ക് കൈമാറിയ വര്‍ഷം കൂടിയാണിത്. നോളജ് ഇക്കോണമി മിഷന്‍, കെ ഡിസ്‌ക്, കുടുംബശ്രീ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ വനിത വികസന കോര്‍പ്പറേഷനും ജന്‍ഡര്‍ പാര്‍ക്കും ഭാഗമാകും. യോഗ്യതകളും ശേഷിയും അടിസ്ഥാനമാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ തൊഴിലരങ്ങത്തേക്ക് എന്ന രണ്ടാം ഘട്ട പദ്ധതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

Latest News