Sorry, you need to enable JavaScript to visit this website.

ക്രൈം ഫയല്‍ - ലൈംഗിക സുഖം വര്‍ധിപ്പിക്കാന്‍ ഉത്തേജക മരുന്ന്, ആ ചതിയില്‍ അയാള്‍ വീണ് പോയി

ഭാഗം രണ്ട് 

കോഴിക്കോട് - ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ സുഖത്തിന്റെ പാരമ്യതയിലെത്താനുള്ള മരുന്ന് തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ കാമുകന്‍ മുരളീധരനെ ഡോ.ഓമന വീഴ്ത്തിയത്. ഈ മരുന്ന് കൈയ്യില്‍ കുത്തിവെച്ചാല്‍ മതിയെന്നു പറഞ്ഞു ഓമന താന്‍ തിരുവനന്തപുരത്ത് നിന്ന് സംഘടിപ്പിച്ചുകൊണ്ട് വന്ന, ശസ്ത്രക്രിയ വേളയിലും മറ്റും മനുഷ്യനെ മയക്കുന്ന പെന്റോത്തല്‍ സോഡിയം എന്ന മരുന്ന് കാണിച്ചുകൊടുത്തു. ഓമനയുമായി ശാരീരിക ബന്ധത്തിന് തയ്യാറായി നിന്ന മുരളീധരനാകട്ടെ ഓമനയുടെ കള്ളത്തരത്തില്‍ വീണു പോകുകയും ചെയ്തു. തുടര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം മുരളീധരനെ എന്നേക്കുമായി ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഊട്ടിയിലെ കൊടും തണുപ്പില്‍ പെന്റോത്തല്‍ സോഡിയം അമിത ഡോസില്‍ മുരളീധരന്റെ കൈത്തണ്ടയിലേക്ക് ഓമന കുത്തിവെച്ചു. ലൈംഗിക ഉത്തേജനത്തിന് കാത്തിരുന്ന മുരളീധരന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മയങ്ങി വീണു. ഏതാനും മിനിട്ടുകള്‍ക്കകം മരണം സംഭവിക്കുകയും ചെയ്തു. ഇനിയാണ് ഡോ.ഓമനയുടെ ക്രിമിനില്‍ ബുദ്ധി ശരിയ്ക്കും പ്രവര്‍ത്തിച്ച് തുടങ്ങിയത്. 

വെട്ടിനുറുക്കിയത് 20 കഷണങ്ങളായി
മെഡിസിന്‍ പഠനകാലത്ത് പ്രായോഗികമായി കിട്ടിയ പരിശീലനം ഓമനയ്ക്ക് തുണയായി. മുരളീധരന്‍ മരിച്ചെന്ന് ഉറപ്പാക്കിയതോടെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ശരീരം ചെറിയ കഷണങ്ങളായി വെട്ടി മുറിക്കാന്‍ തീരുമാനിച്ചു. അതിനുമുന്‍പ് ശരീരത്തില്‍ ചോര കട്ടപിടിക്കുന്നതിനുള്ള മറ്റൊരു മരുന്നു കൂടി മുരളീധരന്റെ ശരീരത്തില്‍ കുത്തിവെച്ചതായി പറയുന്നു. എന്നാല്‍ ഇതിന് മെഡിക്കല്‍ സംബന്ധിയായ സ്ഥിരീകരണം ഉണ്ടോയെന്ന് വ്യക്തമല്ല. കിടക്കയില്‍ മരിച്ചു കിടന്ന മുരളീധരന്റെ മൃതശരീരം ശുചി മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. അവിടെ വെച്ചാണ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മൃതശരീരം കീറിമുറിക്കാന്‍ ആരംഭിച്ചത്. മരുന്നു കുത്തിവെച്ചതുകൊണ്ടാകം മൃതശരീരത്തില്‍ നിന്ന് ചോര അധികമായി വന്നിരുന്നില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൃതശരീരം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം ആന്തരികാവയവങ്ങള്‍ മുറിച്ചെടുത്ത് കുറച്ച് ഭാഗം കക്കൂസിലെ ക്ലോസെറ്റില്‍ ഒഴുക്കി കളഞ്ഞു. എന്നാല്‍ അപ്പോഴേയ്ക്കും ക്ലോസെറ്റ് ബ്ലോക്ക് ആയതോടെ ആ ശ്രമം ഉപേക്ഷിച്ചു. മുറിച്ചെടുത്ത ശരീര ഭാഗങ്ങളും ആന്തരാവയവങ്ങളുമെല്ലാം നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചിരുന്ന പോളിത്തീന്‍ കവറിലേക്ക് മാറ്റുകയായിരുന്നു. കവറിലാക്കിയ ശരീരഭാഗങ്ങള്‍ നേരത്തെ തന്നെ വാങ്ങിവെച്ചിരുന്ന രണ്ട് സ്യൂട്ട് കേസുകളിലേക്ക്  നിറയ്ക്കുകയും ചെയ്തു. അധികം ചോരചിന്താതെ അതി വിദഗ്ധമായാണ് ഇക്കാര്യങ്ങളത്രയും ഓമന ചെയ്തത്. അതിന് ശേഷം അന്ന് അതേ റൂമില്‍ തന്നെ അവര്‍ കിടന്നുറങ്ങി.

മൃതദേഹാവശിഷ്ടങ്ങളുമായി കോയമ്പത്തൂരിലേക്ക്
പിറ്റേ ദിവസം രാവിലെ തന്നെ കോയമ്പത്തൂരിലേക്ക് ഒരു ടാക്‌സി ഏര്‍പ്പാടാക്കി. റെയില്‍വേ സ്റ്റേഷന്റെ മുറ്റത്ത് നിന്ന് തന്നെ ടാക്‌സിയുടെ ഡിക്കിയിലേക്ക് മുരളീധരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ രണ്ടു സ്യൂട്ട് കേസുകളും കൈയ്യിലുണ്ടായിരുന്ന ചെറിയ ബാഗും കയറ്റിവെച്ചു. റൂം വെക്കേറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ സമയം കൂടി ഡോ.ഓമന റെയില്‍വേ റിട്ടയറിംഗ് റൂം അധികൃതരോട് ആവശ്യപ്പെടുകയും അവര്‍ അനുവദിക്കുകയും ചെയ്തു. അതിന് ശേഷം നേരത്തെ മുറിയെടുത്തിരുന്ന ഫേണ്‍ഹില്ലിന് സമീപത്തെ ഐ ജി ജി ഐ റിസോര്‍ട്ടിലെത്തുകയും അവിടുത്തെ മുറി ഒഴിയുകയും ചെയ്തു.  റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷമാണ് അവിടുത്തെ മുറിയുടെ താക്കോല്‍ തിരിച്ചു നല്‍കിയത്. മൃതദേഹാവശിഷ്ടങ്ങള്‍ ഊട്ടിയില്‍ തന്നെ എവിടെയങ്കിലും ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടതെങ്കിലും വിനോദ സഞ്ചാരികള്‍ ഉണ്ടെന്നതിനാല്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. കാറില്‍ പിന്നീട് നേരെ പോയത് കോയമ്പത്തൂരിലേക്കാണ്. വൈകുന്നേരത്തോടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തി. മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ പെട്ടി അവിടെ ഇറക്കിയ ശേഷം മറ്റൊരു ടാക്‌സി വിളിച്ച് അതില്‍ കയറ്റി ഗാന്ധിപുരത്തെ മംഗള ഇന്റര്‍നാഷണല്‍ ഹോട്ടലിലേക്ക് പോയി. അവിടെ മുംതാസ് എന്ന പേരില്‍ ഒന്നാം നിലയില്‍ മുറി ബുക്ക് ചെയ്തു. സ്യൂട്ട്‌കേസുകളുമായി മുറിയില്‍ എത്തിയ ശേഷം പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങളില്‍ ചിലത് ക്ലോസെറ്റിലിട്ട് ഒഴുക്കി കളയാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെയും ക്ലോസെറ്റ് ബ്ലോക്ക് ആയതോടെ ആ ശ്രമവും ഉപേക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങളില്‍ നല്ല മണമുള്ള വിലകൂടിയ പെര്‍ഫ്യൂം അടിച്ച ശേഷം വീണ്ടും പോളിത്തീന്‍ കവറിലാക്കി സ്യൂട്ടകേസില്‍ തന്നെ നിക്ഷേപിച്ചു

കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പിലേക്ക്
കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പിനെപ്പറ്റി നേരത്തെ തന്നെ ഓമനയ്ക്ക് അറിവുണ്ടായിരുന്നു. അഗാധ ഗര്‍ത്തങ്ങളുള്ള ഇവിടെ നിന്ന് മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസുകള്‍ താഴേക്ക് വലിച്ചെറിഞ്ഞാന്‍ ആര്‍ക്കും ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന് ഡോ.ഓമന ഉറപ്പിച്ചു. അങ്ങനെയാണ് കൊടൈക്കനാലിലേക്ക് പോകാന്‍ തീരുമാനിച്ചത്. അന്ന് രാത്രി ഗാന്ധിപുരത്തെ മംഗള ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ തന്നെ കഴിഞ്ഞ ഓമന പിറ്റേദിവസം രാവിലെ കൊടൈക്കനാലിലേക്ക് ടാക്‌സി ബുക്ക് ചെയ്തു. രണ്ട് സ്യൂട്ട് കേസുകളും കാറിലേക്ക് കയറ്റി നേരെ കൊടൈക്കനാലിലേക്ക് പോയി. അവിടെ ദല്‍ഹിയില്‍ നിന്നുള്ള സാറ എന്ന പേരില്‍ മുറിയെടുത്തു. അവിടുത്തെ ഹോട്ടലിലെ വിറകു കത്തിക്കുന്ന ചിമ്മിനിയില്‍ കുറച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കത്തിച്ചു കളയാന്‍ തീരുമാനിച്ചു. എന്നാല്‍ അതിന് പറ്റിയ സൗകര്യങ്ങള്‍ ഒത്തുകിട്ടിയില്ല. അതിനാല്‍ തന്നെ  ബുക്ക് ചെയ്ത റൂം കുറച്ച് സമയത്തിന് ശേഷം ഒഴിവാക്കി. കോയമ്പത്തൂരില്‍ നിന്ന് എത്തിയ അതേ ടാക്‌സിയില്‍ കൊടൈക്കനാല്‍ ടാക്‌സി സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ഈ ടാക്‌സി ഒഴിവാക്കി മറ്റൊരു ടാക്‌സി പിടിച്ച് മുരളീധരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പില്‍ നിന്ന് താഴേക്ക് വലിച്ചെറിയാമെന്ന കണക്ക് കൂട്ടലില്‍ അങ്ങോട്ട് പോയി. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും അവിടെ തെറ്റി. അവധി ദിവസമായതിനാല്‍ നിരവധി ടൂറിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. സ്യൂട്ട്‌കേസുകള്‍ വലിച്ചെറിയുന്നത് അവരുടെ കണ്ണില്‍ പെടാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ താന്‍ പിടിക്കപ്പെടുമെന്നും ഓമനയ്ക്ക് ബോധ്യമുണ്ടായിരുന്നു. ആകെ നിരാശയിലായ അവര്‍ മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ആലോചിച്ചപ്പോഴാണ്  കന്യാകുമാരിയിലേക്ക് പോയി മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ കടലില്‍ ഒഴുക്കിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ചത്. അങ്ങനെയാണ് കൊടൈക്കനാലില്‍ നിന്ന് കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചത്.

പിടി വീഴുന്നു
അഞ്ച് ദിവസത്തോളമായി സ്യൂട്ട്‌കെയ്‌സില്‍ സൂക്ഷിച്ചിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ അഴുകി ചെറിയ തോതില്‍ ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ മുഴുവന്‍ സമയവും ഇതോടൊപ്പമായിരുന്ന ഓമനയ്ക്ക് ദുര്‍ഗന്ധം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കൊടൈക്കനാലില്‍ നിന്ന് കന്യാകുമാരിയിലേക്ക് രാജ എന്നയാള്‍ ഓടിച്ചിരുന്ന ടാക്‌സിയിലാണ് പോയിക്കൊണ്ടിരുന്നത്. കാറിന്റെ ഡിക്കിയിലാണ് സ്യൂട്ട്‌കേസുകള്‍ കയറ്റിയിരുന്നത്. കാര്‍ കുറച്ചു ദൂരം ഓടിയപ്പോള്‍ തന്നെ കാറിനുള്ളില്‍ ദുര്‍ഗന്ധം വമിക്കുന്നതായി ഡ്രൈവര്‍ രാജ തിരിച്ചറിഞ്ഞിരുന്നു. പുറത്തുനിന്നുള്ള ഗന്ധമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കാറിന്റെ ചില്ലുകള്‍ അടച്ച് യാത്ര ചെയ്തപ്പോള്‍ ദുര്‍ഗന്ധം കൂടുതലായി വമിച്ചതോടെ കാറിനുള്ളില്‍ നിന്ന് തന്നെയാണ് ഇതെന്ന് ഡ്രൈവര്‍ക്ക് ബോധ്യമായി. ഇതിനിടയില്‍ കാറിന് തകരാര്‍ സംഭവിച്ച് ഓട്ടം നിലച്ചു. മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ മറ്റൊരു ടാക്‌സി ഏര്‍പ്പാടാക്കി നല്‍കാമെന്ന് ഡ്രൈവര്‍ രാജ ഓമനയോട് പറഞ്ഞു. മറ്റ് നിവൃത്തിയില്ലാതെ ഓമന അതിന് സമ്മതിച്ചു. ഡിക്കിയിലുണ്ടായിരുന്ന സ്യുട്ട്‌കേസുകള്‍ ഇറക്കിവെയ്ക്കാന്‍ രാജ തുനിഞ്ഞപ്പോള്‍ ഓമന അതിന് സമ്മതിച്ചില്ല.  സ്യൂട്ട്‌കേസുകളില്‍ നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് ബോധ്യമായതോടെ രാജ ഓമനയെ ചോദ്യം ചെയ്തു. ഇതോടെ സത്യം പറയേണ്ടി വന്ന ഓമന ഇക്കാര്യം പുറത്തു പറയാതിരിക്കാനും തന്നെ സഹായിക്കാനുമായി രാജയ്ക്ക് വലിയ തുക വാഗ്ദാനം ചെയ്തു. ഒരാളുടെ സഹായമില്ലാതെ മൃതദേഹാവശിഷ്ടങ്ങള്‍ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അപ്പേഴേക്കും ഓമനയ്ക്ക് മനസ്സിലായിരുന്നു. അതുകൊണ്ടാണ് ഡ്രൈവര്‍ രാജയോട് സത്യം പറഞ്ഞതും സഹായം തേടിയതും. സഹായിക്കാമെന്ന രീതിയില്‍ ഓമനയോട് പറഞ്ഞ രാജ അടുത്തുള്ള പെട്രോള്‍ ബങ്കില്‍ പോയി കൊടൈക്കനാല്‍ പോലീസില്‍ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. കൊടൈക്കനാലിലെ ടാക്‌സിക്കാരെയും വിളിച്ചു കാര്യം പറഞ്ഞു. ഇവര്‍ എത്തുമ്പോഴേക്കും രാജയുടെ നീക്കത്തില്‍ സംശയം തോന്നിയ ഓമന അവിടെ നിന്ന് മുങ്ങിയിരുന്നു. പോലീസെത്തി സ്യൂട്ട്‌കേസ് തുറന്നതോടെ ഞെട്ടിപ്പോയി. സ്യൂട്ട്‌കേസിനുള്ളില്‍ മനുഷ്യശരീര ഭാഗങ്ങള്‍ ചീഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴേക്കും മുങ്ങിയിരുന്ന ഓമനയെ സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് പോലീസും ടാക്‌സി ഡ്രൈവര്‍മാരും ചേര്‍ന്ന് പിടികൂടി. പിടിക്കപ്പെട്ടതോടെ നടന്ന കാര്യങ്ങളെല്ലാം ഓമന പോലീസിനോട് വിശദീകരിച്ചു.

അഞ്ച് വര്‍ഷക്കാലത്തെ ജയില്‍വാസം
മുരളീധരന്‍ കേവലമൊരു സുഹൃത്ത് മാത്രമായിരുന്നുവെന്നും അയാള്‍ തന്നെ നാട്ടില്‍ വെച്ചും മലേഷ്യയില്‍ വെച്ചും പലതവണ ബലാല്‍സംഗം ചെയ്തുവെന്നുമാണ് ഓമന പോലീസിനോട് പറഞ്ഞത്. തന്റെ കൈയ്യിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മുരളീധരന്‍ കൈക്കലാക്കിയെന്നും കുടുംബം അയാള്‍ തകര്‍ത്തെന്നും അതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഓമന പോലീസിനോട് പറഞ്ഞു. തനിക്ക് മുരളീധരനെ വിവാഹം ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തിയിരുന്നുവെന്നും ഓമന പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴികള്‍ പൂര്‍ണ്ണമായും ശരിയല്ലെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പോലീസ് അന്ന് തന്നെ വെളിപ്പെടുത്തിയിരുന്നു.
കൊലക്കുറ്റവും ഗൂഡാലോചനാക്കുറ്റവും ചുമത്തി മധുര ജയിലിലടക്കപ്പെട്ട ഡോ.ഓമനയെ വന്നു കാണാനോ അവര്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ ചെയ്തു കൊടുക്കാനോ ബന്ധുക്കളാരും തയ്യാറായില്ല. അവര്‍ ഓമനയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു. ഇത് ഓമനയ്ക്ക് വലിയ ഷോക്കായി. ഇതേക്കുറിച്ച് ഓമന തന്റെ സുഹൃത്തിന് എഴുതിയ കത്തില്‍ ഇങ്ങനെയാണ് പറയുന്നത്. ' എനിക്കെന്റെ സഹോദരന്‍മാരില്‍ വിശ്വാസം നഷ്ടപ്പെട്ടു. ജയിലില്‍ കഴിയുന്ന സ്ത്രീകളെ അവരുടെ സഹോദരന്‍മാരെത്തി ആശ്വസിപ്പിക്കുന്നത് ഞന്‍ കാണുന്നുണ്ട്. എന്റെ സഹോദരന്‍മാര്‍ സ്വാര്‍ത്ഥന്‍മാരായിപ്പോയി. അവര്‍ ഒരു കത്തെങ്കിലും എഴുതിയിരുന്നെങ്കില്‍ ആശ്വാസമായേനെ.'

ജാമ്യത്തിലിറങ്ങലും മുങ്ങലും
മെഡിക്കല്‍ കോളേജിലെ പഠനകാലത്ത് തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു സംഘടനയിലെ അംഗങ്ങളുമായി ഡോ.ഓമനയ്ക്ക് ബന്ധമുണ്ടായിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ അവര്‍ ചില നിയമസഹായങ്ങള്‍ ഓമനയ്ക്ക് ചെയ്ത് നല്‍കാനും തയ്യാറായി. അഞ്ച് വര്‍ഷത്തിനടുത്ത് ജയിലില്‍ കഴിഞ്ഞ ശേഷം ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഡോ.ഓമനയ്ക്ക് ജാമ്യം ലഭിച്ചത്.  മധര ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും ഓമന ഇവരുടെ സംരക്ഷണയില്‍ തന്നെയായിരുന്നു. എന്നാല്‍ 2001 ജനുവരി 29 മുതല്‍ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. അതിന് ചിലര്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തതായും ആരോപണമുയര്‍ന്നു. 2002 ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ഊട്ടി മജസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി.

ഒളിവില്‍ പോയ ഓമനയ്ക്കായി അന്വേഷണ സംഘം നാട്  മുഴുവന്‍ തെരഞ്ഞെങ്കിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന സ്ഥിതിയായിരുന്നു. ഒടുവിലാണ് ഇവര്‍ മലേഷ്യയിലേക്ക് തന്നെ പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. മലേഷ്യയില്‍ ഇവര്‍ പലപേരുകളിലായി താമസിക്കുന്നുണ്ടെന്നും വിശ്വസനീയ വിവരം ലഭിച്ചു. പിടികൂടാന്‍ സാധിക്കില്ലെന്നായപ്പോഴാണ് സി ബി ഐ ദല്‍ഹി ഓഫീസ് വഴി ഇന്റര്‍പോളിന്റെ സഹായം തേടിയത്. ഓമന മലേഷ്യയിലുണ്ടെന്ന് ഇന്റര്‍പോളും ഉറപ്പിച്ചു. ഓമന നാട്ടില്‍ ആരെയെങ്കിലും ഫോണ്‍ വഴി ബന്ധപ്പെടുന്നുണ്ടോയെന്നതടക്കുമുള്ള അന്വേഷണങ്ങളും നടത്തി. എന്നാല്‍ ഒരു തുമ്പും കിട്ടിയില്ല. അതിനിടെ അവര്‍ മരിച്ചതായും സംശയം ഉയര്‍ന്നു. കേരളത്തില്‍ കഴിയുന്ന മക്കള്‍ക്ക് 2009 ല്‍ ഓമനയുടെ ഫോണ്‍ കോള്‍വന്നതായി കണ്ടെത്തിയതോടെ ഓമന അക്കാലം വരെ ജീവിച്ചിരുപ്പുണ്ടെന്ന് ഉറപ്പായി. പിന്നീട് അന്വേഷണം ഒരുപാട് നടന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ ഓമനയുമായി രൂപ സാദൃശ്യമുള്ള ഒരു സ്ത്രീ മലേഷ്യയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതോടെ മലേഷ്യന്‍ പോലീസ് തമിഴ്‌നാട് പോലീസിനെയും കേരള പോലീസിനെയും വിവരമറിയിച്ചു.  മരിച്ചത് ഓമന തന്നെയെന്ന് പോലീസും ഇന്റര്‍പോളുമെല്ലാം ഉറപ്പിച്ചു. എന്നാല്‍ അത് തിരുവനന്തരപുരത്തു നിന്നുള്ള സ്ത്രീയാണെന്ന് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. മുരളീധരനെ കൊലപ്പെടുത്തുമ്പോള്‍ കേവലം 43 വയസ്സുള്ള ഓമന ജീവിച്ചിരുപ്പുണ്ടെങ്കില്‍  ഇപ്പോള്‍ 70 വയസിലേക്ക് കടന്നിരിക്കും. പക്ഷേ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും അറിയാതെ കഴിഞ്ഞ 22 വര്‍ഷമായി ഡോ.ഓമന ഇന്റര്‍പോളിനും കേരളത്തിനും തമിഴ്‌നാടിനും അന്വേഷണ ഏജന്‍സികള്‍ക്കും മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

അവസാനിച്ചു

Latest News