പത്തനംതിട്ട - സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികള്‍ക്കും ഒരു വര്‍ഷത്തിനകം വനാവകാശ നിയമപ്രകാരമുള്ള ഭൂരേഖ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസികള്‍ക്ക് ഭൂരേഖ നല്‍കുന്നതിന് നിയമതടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ മാറ്റാനും ഇടപെടും. ഭൂരേഖ ലഭ്യമാക്കുന്നതിന് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേയര്‍മാരുടെ കുറവ് നികത്തി. കുടുംബങ്ങള്‍ക്ക് വീടുവെച്ച് കൊടുക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കും. വെള്ളം, വൈദ്യുതി കണക്ഷനുകളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.