ഇടുക്കി-രാജകുമാരി ബിവറേജസ് ഔട്ട്ലെറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വരവ് തുകയില്‍ പതിനേഴായിരം രൂപയുടെ കുറവാണ് കണ്ടെത്തിയത്. പണം കുറവ് വന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ജീവനക്കാര്‍ക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ പതിവായി വാങ്ങുന്ന 110 രൂപ വിലയുള്ള ഒരു കുപ്പി ബിയര്‍ 140 രൂപക്കാണ് വില്‍പന നടത്തിയിരുന്നത്. ഈ വിഭാഗം വാങ്ങുന്ന മദ്യത്തിന് ബില്ല് നല്‍കാറില്ല. ഈ ബില്ലുകള്‍ കീറി വെയ്സ്റ്റ് ബോക്സില്‍ ഇട്ടതായും കണ്ടെത്തി. സ്റ്റോക്കില്‍ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യം നല്‍കാതെ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്ന മദ്യം മാത്രം നല്‍കുന്നതായും പരിശോധനയില്‍ തെളിഞ്ഞു. ഉത്തരവാദികളായ ജീവനക്കാരുടെ പേരില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറഞ്ഞവിലയുടെ മദ്യം അന്വേഷിച്ചെത്തുന്നവര്‍ക്ക് അത് നല്‍കാതെ കമ്മീഷന്‍ മോഹിച്ച് കൂടിയ വിലയുടെ മദ്യമാണ് വിറ്റിരുന്നത്. ഇത്തരത്തില്‍ കമ്മീഷന്‍ കൈപ്പറ്റുന്നതിനായി പ്രത്യേക കമ്പനിയുടെ മദ്യം മാത്രം വില്‍പ്പന നടത്തിയിരുന്നതായും കണ്ടെത്തി. കോട്ടയം റേഞ്ച് വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി പി. വി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ രാത്രി ഏഴിന് തുടങ്ങിയ പരിശോധന 11 മണിയോടെയാണ് അവസാനിച്ചത്.