ജിദ്ദ - കപ്പൽ മാർഗമുള്ള ഹജ് തീർഥാടകർ നാളെ മുതൽ എത്തിത്തുടങ്ങുമെന്ന് സൗദി തുറമുഖ അതോറിറ്റി അറിയിച്ചു. ജിദ്ദ തുറമുഖം വഴി തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. കപ്പൽ മാർഗമുള്ള തീർഥാടകരുടെ അവസാന സംഘം ദുൽഹജ് രണ്ടിന് ജിദ്ദ തുറമുഖത്തെത്തും. ആദ്യ ഹജ് കപ്പൽ സുഡാനിലെ സവാകിൻ തുറമുഖത്തു നിന്നാണ് എത്തുക. ഈ കപ്പലിൽ 833 തീർഥാടകരുണ്ടാകും.
പതിനേഴു കപ്പൽ സർവീസുകളിൽ ആകെ 16,031 ഹജ് തീർഥാടകരാണ് ജിദ്ദ തുറമുഖം വഴി എത്തുക. ഈ വർഷം മൂന്നു കപ്പലുകളാണ് ഹജ് സർവീസ് നടത്തുന്നത്. ജിദ്ദ തുറമുഖത്തെ ആഗമന ടെർമിനലിന് മണിക്കൂറിൽ 800 പേരുടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിന് ശേഷിയുണ്ട്. ഹജ് കപ്പലുകൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിന് മറൈൻ കൺട്രോൾ ടവറിൽ വേണ്ടത്ര ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ജിദ്ദ തുറമുഖത്ത് മൂന്നു ആഗമന ടെർമിനലുകളും രണ്ടു നിർഗമന ടെർമിനലുകളുമാണുള്ളത്. കൺവെയർ ബെൽറ്റുകളും ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകളും എക്‌സ്‌റേ മെഷീനുകളും ഇവിടെയുണ്ട്. തീർഥാടകർക്ക് സേവനം നൽകുന്നതിന് ജിദ്ദ തുറമുഖത്ത് 260 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് സൗദി തുറമുഖ അതോറിറ്റി വൈസ് പ്രസിഡന്റ് മുസാഅദ് അൽദരൈസ് പറഞ്ഞു. യാത്രക്കാരുടെ ലഗേജുകൾ പരിശോധിക്കുന്നതിന് ആഗന ടെർമിനലിൽ നാലും നിർഗമന ടെർമിനലിൽ മൂന്നും വെയ്റ്റിംഗ് ലോഞ്ചിൽ രണ്ടും നവീന ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കപ്പലുകളിൽ നിന്ന് തീർഥാടകരെ ടെർമിനലുകളിൽ എത്തിക്കുന്നതിന് ഒമ്പതു ബസുകളും ഒരുക്കിയിട്ടുണ്ടെന്ന് മുസാഅദ് അൽദരൈസ് പറഞ്ഞു.