തിരുവനന്തപുരം- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടും. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെടുക.മണികുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് രാജ്ഭവന്‍ ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. മണികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് രാജ്ഭവന്റെ നടപടി. എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ശുപാര്‍ശ കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. നിയമനസമിതിയിലുള്‍പ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിയോജനക്കുറിപ്പ് ഉള്‍പ്പെടെയുള്ള പാനല്‍ ശുപാര്‍ശയാണ് രാജ്ഭവന് ലഭിച്ചത്.സമിതിയിലെ അംഗങ്ങളായ മുഖ്യമന്ത്രിയും സ്പീക്കറും ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെ അനുകൂലിച്ചപ്പോള്‍ വിഡി സതീശന്‍ എതിര്‍ത്തു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സേവി യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും മണികുമാറിന്റെ നിയമനത്തെ എതിര്‍ത്ത് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്. തമിഴ്നാട് സ്വദേശിയാണ്. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. വിരമിച്ചപ്പോള്‍ ജസ്റ്റിസ് മണികുമാറിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു.