ദോഹ- ഒരാഴ്ചത്തെ വിജയകരമായ പരീക്ഷണത്തെ തുടര്‍ന്ന് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമടക്കമുളള നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓട്ടോമേറ്റഡ് റഡാറുകള്‍ പിടികൂടുന്ന ട്രാഫിക് ലംഘനങ്ങള്‍ക്ക് നാളെ(ഞായര്‍) മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള റഡാറുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് വാഹനമോടിക്കുന്നവരുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തെയും അപകടത്തിലാക്കുന്ന ഗുരുതരമായ വീഴ്ചയാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.
വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളും ഡാഷ്‌ബോര്‍ഡ് മോണിറ്ററുകളും പോലുള്ള ദൃശ്യമാധ്യമങ്ങള്‍ ടച്ച് ചെയ്യുന്നതും നിയമലംഘനമായി കണക്കാക്കും. വാഹനമോടിക്കുന്നവരുടെ സൂക്ഷ്മ ചലനങ്ങള്‍വരെ നിരീക്ഷിക്കാനുള്ള സൗകര്യുള്ളതാണ് പുതിയ റഡാറുകള്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും 500 റിയാല്‍ വീതമാണ് പിഴയെന്നും അധികൃതര്‍ വ്യക്തമാക്കി.