തിരുവനന്തപുരം- നടി അപര്‍ണ്ണ നായരുടെ മരണത്തിനു പിന്നില്‍ കൂടുതല്‍ കുടുംബ പ്രശ്‌നങ്ങള്‍. രണ്ടുവര്‍ഷം മുന്‍പ് അപര്‍ണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭര്‍ത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു. ഇരുവരും അന്ന് റിമാന്‍ഡിലാവുകയും ചെയ്തു. അന്ന് ഇരവിപുരം പോലീസാണ് കേസെടുത്തത്. ജീവിതം നിരാശാപൂര്‍ണമാകുന്നു എന്ന് വ്യക്തമാക്കുന്ന ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് അപര്‍ണ മരണത്തിനു മുന്‍പ് പോസ്റ്റ് ചെയ്തിരുന്നത്.
ഭര്‍ത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്‌നങ്ങളും ആത്മഹത്യയ്ക്ക് വഴിവെച്ചു എന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നത്. സിനിമാ, സീരിയല്‍ നടിയായിരുന്ന അപര്‍ണ നേരത്തെ അഭിനയം നിര്‍ത്തി സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു.
സഞ്ജിത്ത് അപര്‍ണയുടെ രണ്ടാം ഭര്‍ത്താവാണ്. ഭര്‍ത്താവിന് താല്‍പര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ വഴിവിട്ട പോക്കും ദാമ്പത്യ പ്രശ്‌നങ്ങളും ജീവിതത്തെ അലട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയും അപര്‍ണ അനുഭവിച്ചു.
അടുത്തിടെ ഒരു സീരിയലില്‍ അവസരം വന്നപ്പോള്‍ അഭിനയിക്കാന്‍ പോകാനുള്ള താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ അതിന് സമ്മതം കിട്ടിയില്ലെന്നാണ് സൂചന. 2021 ലാണ് സഞ്ജിത്ത് അപര്‍ണയുടെ അനുജത്തി ഐശ്വര്യയുമായി നാടുവിട്ടത്. ഐശ്വര്യ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. കൊല്ലം സ്വദേശിയായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. പിന്നീട് ഇദ്ദേഹം വിവാഹമോചനം നേടി. ആ നാടുവിടലില്‍ അപര്‍ണ സഹോദരിക്കും ഭര്‍ത്താവിനും എതിരെ പോലീസിന് മൊഴി നല്‍കിയിരുന്നു.