കോഴിക്കോട്- കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്തയിൽ പിളർപ്പുണ്ടാകുമെന്ന് പ്രമുഖ ദേശീയ ദിനപത്രമായ ഹിന്ദുവിന്റെ റിപ്പോർട്ട്. 1980-കളിലുണ്ടായ പിളർപ്പിന് സമാനമായ അവസ്ഥയിലൂടെയാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത കടന്നുപോകുന്നതെന്നും ഏതു നിമിഷവും പിളർപ്പ് സംഭവിച്ചേക്കാമെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. സമസ്തയിലെ ഷജറ എന്നറിയപ്പെടുന്ന വിഭാഗത്തിന് പാണക്കാട് കുടുംബത്തിനോടുള്ള എതിർപ്പാണ് പിളർപ്പിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നായി റിപ്പോർട്ടിൽ പറയുന്നത്. ഇതിന് ഉദാഹരണമായി കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്ന എസ്.കെ.എസ്.എസ്.എഫ് യോഗത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളോട് ഒരു വിഭാഗം നേതാക്കൾ കയർത്ത് സംസാരിച്ച സംഭവവും ഉദ്ധരിക്കുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തിൽ സമസ്ത രണ്ടായി നിലകൊള്ളുകയാണ്. സമസ്തയെ നിയന്ത്രിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അധികാരമില്ലെന്ന് ഒരു വിഭാഗവും എന്നാൽ സമസ്തയും ലീഗ് എക്കാലത്തും ഒരുമിച്ചാണ് പോയതെന്ന് മറുവിഭാഗവും വാദിക്കുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസു(സി.ഐ.സി)മായി സമസ്തയിലെ ഒരു വിഭാഗം നേതാക്കൾക്കുള്ള വിയോജിപ്പും ഭിന്നിപ്പിന്റെ കാരണമായി പറയുന്നു. സമസ്ത കേരളത്തിലുടനീളം നടത്തുന്ന ആശയസമ്മേളനങ്ങൾ പിളർപ്പ് ഉടൻ ഉണ്ടായേക്കും എന്നതിന്റെ സൂചനയായും റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്.
സമസ്തയെ നിരീക്ഷിക്കുന്നവർക്ക് 1989-ലുണ്ടായ അതേ പിളർപ്പിന്റെ സമാനമായ സഹചര്യങ്ങൾ നിലവിൽ കാണാം. സമസ്ത നേതാക്കൾക്ക് മേൽ മുസ്ലിം ലീഗ് അധീശത്വം സ്ഥാപിക്കുന്നുവെന്ന് ആരോപിച്ചാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം 1989-ൽ പിരിഞ്ഞുപോയത്. യഥാർത്ഥ സമസ്ത തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സംഘടന രൂപീകരിക്കുകയും ചെയ്തു. സിറാജ് ദിനപത്രത്തെ ശക്തിപ്പെടുത്താനും തീരുമനിച്ചു. ചന്ദ്രികയിൽ സമസ്തയുടെ വാർത്തക്ക് ഇടം ലഭിക്കുന്നില്ലെന്നും മറ്റു ആരോപിച്ചാണ് സമസ്ത 2014-ൽ സുപ്രഭാതം ദിനപത്രം ആരംഭിച്ചത്. പിളർപ്പിനുള്ള സഹചര്യങ്ങൾ ഏറെക്കുറെ സമാനവുമാണ്.
1989-ൽ കാന്തപുരം എന്ത് ചെയ്തുവെന്നത് തങ്ങളുടെ പരിഗണനയിൽ ഇല്ലെന്നും സമസ്തയെ സ്വതന്ത്രമായി നിലനിർത്താനാണ് ശ്രമമെന്നും ഒരു ഷജറ നേതാവിനെ ഉദ്ധരിച്ച് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സമസ്തയിലെ പ്രതിസന്ധിയിൽ തങ്ങൾക്ക് സന്തോഷമില്ലെന്നും ഗ്യാലറിയിൽ ഇരുന്ന് കളി കാണുക മാത്രമാണ് ചെയ്യുന്നതെന്നും കാന്തപുരം വിഭാഗത്തിന്റെ ഒരു നേതാവ് പറഞ്ഞു.