ജിദ്ദ - പ്രകൃതിദത്ത ടൂറിസം തേടുന്നവരെ മക്ക പ്രവിശ്യയിലെ റാസ് മുഹൈസിനിലെ ഉമ്മുൽഊദ് ദ്വീപ് മാടിവിളിക്കുന്നു. ചെങ്കടലിലെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണിത്. കടൽ തീരത്തോട് ചേർന്നുള്ള വിശാലമായ ഹരിതപ്രദേശങ്ങളിലും വെള്ള മണലിലും വിശ്രമിച്ചും പവിഴപ്പുറ്റുകളുടെ ദൃശ്യവൈവിധ്യം ആസ്വദിച്ചും പ്രകൃതിദത്ത ടൂറിസം നുകരാൻ ദ്വീപ് സന്ദർശകർക്ക് സാധിക്കും.
റാസ് മുഹൈസിനിൽ നിന്ന് ഒരു മണിക്കൂർ നേരം സഞ്ചരിച്ച് ഉമ്മുൽഊദ് ദ്വീപിൽ എത്താൻ കഴിയും. തീരത്തു നിന്ന് 2.8 നോട്ടിക്കൽ മൈൽ അകലെയാണ് ദ്വീപ്. ഒരുവിധ മാലിന്യങ്ങളുമില്ലാതെ, തീർത്തും പരിശുദ്ധമായ ബീച്ചുകളും മത്സ്യം ഭക്ഷിക്കുന്ന പലതരം ഇരപിടിയാൻ പക്ഷികളും ആകർഷകവും ശാന്തവുമായ ദ്വീപിന്റെ ഭംഗി കൂട്ടുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ ഊർജവും നവോന്മേഷവും നൽകുന്ന അന്തരീക്ഷം ദ്വീപിന്റെ സവിശേഷതയാണ്. ഇത് ദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. മക്ക പ്രവിശ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ദ്വീപിൽ വികസന പദ്ധതികളും നിക്ഷേപങ്ങളും ആവശ്യമാണ്.
ഉമ്മുൽഗറാനീഖ് അൽശമാലിയ ദ്വീപ് എന്ന പേരിലും ഉമ്മുൽഊദ് ദ്വീപ് അറിയപ്പെടുന്നതായി സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബൽഖൈൽ പറഞ്ഞു. റാസ് മുഹൈസിന് വടക്കുപടിഞ്ഞാറുള്ള പവിഴപ്പുറ്റ് ദ്വീപാണിത്. ഇതിന്റെ വിസ്തൃതി 1.2 ചതുരശ്രകിലോമീറ്ററാണ്. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് വില്ലിന്റെ രൂപത്തിൽ ദ്വീപ് നീണ്ടുകിടക്കുന്നു. മധ്യഭാഗത്ത് ദ്വീപിന് വീതി കൂടുതലാണ്. ദ്വീപിന്റെ ഏറ്റവും കൂടിയ നീളം 2.9 കിലോമീറ്ററാണ്.
സമുദ്ര നിരപ്പിൽ നിന്ന് രണ്ടു മീറ്റർ ഉയരത്തിലാണ് ദ്വീപിന്റെ ഉപരിതലം. മധ്യഭാഗത്ത് മണൽ മൂടിയിരിക്കുന്നു. ദ്വീപിൽ വ്യത്യസ്ത ഇനം കുറ്റിച്ചെടികളും തീരങ്ങളിൽ കണ്ടൽ ചെടികളും വളരുന്നു. ഉമ്മുൽഊദ് ദ്വീപിന്റെ വടക്കു ഭാഗത്ത് മറ്റു ചില ദ്വീപുകളുമുണ്ട്. തെക്കു ഭാഗത്ത് ഏതാനും ചെറു ദ്വീപുകളുമുണ്ടെന്ന് താരിഖ് അബൽഖൈൽ പറഞ്ഞു. നിരവധി ദ്വീപുകളാൽ സൗദി അറേബ്യ സമൃദ്ധമാണ്. തീരത്തിന്റെ നീളത്തിന്റെ കാര്യത്തിൽ ചെങ്കടലിന്റെ രണ്ട് ഭാഗത്തും അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്.