വാഷിംഗ്ടണ്‍- യു. എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സെപ്തംബര്‍ എട്ടിന് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നത്.
സെപ്റ്റംബര്‍ 9, 10 തിയ്യതികളില്‍ ന്യൂദല്‍ഹിയിലാണ് ഉച്ചകോടി. ജി 20യുടെ നേതൃത്വത്തിന് പ്രധാനമന്ത്രി മോഡിയെ ബൈഡന്‍ അഭിനന്ദിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
സെപ്റ്റംബര്‍ ഏഴാം തിയ്യതി വ്യാഴാഴ്ചയാണ് ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു. എസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ഉഭയകക്ഷി യോഗത്തില്‍ പ്രസിഡന്റ് പങ്കെടുക്കുമെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രൈനില്‍ നടത്തുന്ന യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍ ലഘൂകരിക്കാനും ലോകബാങ്ക് ഉള്‍പ്പെടെയുള്ള ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വര്‍ധിപ്പിക്കാനും ഇരു നേതാക്കളും സഹായിക്കുമെന്നും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതുള്‍പ്പെടെ ദാരിദ്ര്യത്തിനെതിരായ മികച്ച പോരാട്ടം നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.