അസീർ- പുരാതന കാലത്ത് അറബികൾ ഗോത്രങ്ങ(ഖബീല)ളായായിരുന്നു താമസിക്കാറുണ്ടായിരുന്നത്. ഒരു ഗോത്രത്തിന്റെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനോ കാലികളെ മേക്കുന്നതിനോ ഇതര വിഭാഗക്കാർക്ക് അനുവാദമുണ്ടായിരുന്നില്ല. ഗോത്രകലഹങ്ങൾ അവരുടെ പതിവ് ജീവിത ശൈലിയുടെ ഭാഗമായിരുന്നു, ഗോത്രമൂപ്പന്മാരുടെ നേതൃത്വത്തിലെടുക്കുന്ന തീരുമാനം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരായിരിക്കും. ആധുനിക രീതിയിൽ രാഷ്ട്രങ്ങൾ നിലവിൽ വന്നതോടെ ഗോത്ര തലവന്മാർക്ക് പഴയ പ്രതാപമില്ലെങ്കിലും അവരിപ്പോഴും എല്ലാവരാലും ആദരിക്കപ്പെടുന്നു. പരസ്പര സംഘട്ടനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാൻ തലവന്മാരുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഭാഗങ്ങൾ ഒന്നിച്ചു ചേർന്ന് ചർച്ചയും പഞ്ചായത്തുമുണ്ടാകും. ഇപ്പോഴും അത്തരം കാര്യങ്ങൾ അറബികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇരു വിഭാഗത്തെയും ഗോത്ര മുഖ്യന്മാർ ആദ്യം സംസാരിക്കും. അവർക്കിടയിലെ കവികളോ പ്രാസംഗികരോ തങ്ങളുടെ മഹത്വവും പ്രത്യേകതകളും പറയുകയും ഇതര വിഭാഗത്തിനു വിട്ടുവീഴ്ച ചെയ്യുന്നതായി അറിയിക്കുകയും ചെയ്യും. മറു വിഭാഗവും അതു പോലെ തന്നെ ചെയ്യും. അഭിപ്രായ വ്യത്യാസമുള്ള ഗോത്രാംഗങ്ങളുടെ ഒത്തു ചേരലായതിനാൽ സുരക്ഷാ വകുപ്പുകളുടെ സാന്നിദ്ധ്യത്തിൽ വിശാലമായ വിശ്രമ കേന്ദ്രങ്ങളിലോ മൈതാനത്തോ സുരക്ഷ വുകപ്പുകളുടെ ശക്തമായ സാന്നദ്ധ്യത്തിലായിരിക്കും ഇരു വിഭാഗത്തിന്റെയും ഒത്തു ചേരൽ. ചിലപ്പോഴൊക്കെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നിക്കുമാറ് പരസ്പരം രൂക്ഷമായ സംസാരമായി കേൾവിക്കാർക്കു തോന്നാമെങ്കിലും അതൊക്കെ പരസ്പര ആലിംഗനതിൽ അവസാനിക്കും. ഗോത്ര ഭിന്നതകളും കൊലപാതകം പോലെ ഗൗരവകരമായ കേസുകളും കോടതികൾക്കു പുറത്ത് ഗോത്ര മുഖ്യന്മാരുടെ നേതൃത്വത്തിൽ പ്രവിശ്യാ ഗവർണർമാരുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ തീർപ്പിലെത്തിക്കാൻ അനുരഞ്ജന സമിതികൾ രൂപീകരിക്കാൻ അടുത്തിടെയായി രാജകൽപനയുണ്ടായത് മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ടു യുവാക്കൾക്കിടിയൽ നടന്ന കയ്യാങ്കളി പരസ്പര വിദ്വേഷത്തിലെത്തിച്ച അസീറിലെ ഇരു ഗോത്ര വിഭാഗങ്ങൾക്കിടയിൽ പരമ്പരാഗത രീതിയിൽ രഞ്ജിപ്പുണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി നിരവധി പേർ പങ്കുവെച്ചു. അസീറിലെ മുവാദഅ ഗോത്രക്കാരും ശംല ഗോത്രക്കാരുമാണ് പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഒത്തു ചേർന്ന് തർക്കം രഞ്ജിപ്പിലേക്കെത്തിച്ചത്. ചർച്ചയുടെ അവസാനത്തിൽ ഇരു വിഭാഗത്തിലെയും പ്രമുഖർ പരസ്പരം മൂക്കുകൾ മുട്ടിച്ചുള്ള അഭിവാദ്യത്തോടെ തർക്ക പരിഹാര സംഗമം അവസാനിക്കുകയും ചെയ്തു
പടം
ഇരുവിഭാഗം ഗോത്രങ്ങൾക്കിടയിലുണ്ടായ തർക്ക പരിഹാരത്തിന് ഒത്തു ചേർന്ന ഗോത്ര പ്രമുഖന്മാരും സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും