Sorry, you need to enable JavaScript to visit this website.

കുതിച്ചുയർന്ന് ആദിത്യ എൽ 1; ചന്ദ്രനെ തൊട്ട ഇന്ത്യ സൂര്യനെ പഠിക്കാൻ പോയി

ശ്രീഹരിക്കോട്ട - ചന്ദ്രയാൻ മൂന്നിന്റെ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷം പകർന്ന് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ കുതിച്ചുയർന്നു. പി.എസ്.എൽ.വി എക്‌സ്.എൽ സി 57 റോക്കറ്റിൽ ഇന്ന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ വൺ പേടകം വിക്ഷേപിച്ചത്. 
 സൂര്യന്റെയും ഭൂമിയുടേയും ഗുരുത്വാകർഷണബലം സന്തുലിതമായ ലഗ്രാഞ്ച്യൻ പോയന്റ് വണ്ണാണ് പേടകത്തിന്റെ ലക്ഷ്യം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹാലോ ഭ്രമണ പഥത്തിൽ എത്താൻ പേടകം നാലുമാസമാണ് സമയമെടുക്കുക. സൗരാന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും, അതുണ്ടാക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് പ്രധാന ലക്ഷ്യം. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസ്സിലാക്കൽ, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കൽ എന്നിവയും ലക്ഷ്യങ്ങളിൽ പെടുന്നു. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ വണ്ണിലുള്ളത്. 
 ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും. പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് മിനിറ്റിൽ ഒന്നെന്ന കണക്കിൽ ദിവസേന 1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ. 
 ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യത്തിനാണ് ഐ.എസ്.ആർ.ഒ തുടക്കമിട്ടത്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം.
അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ 1. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാനാവുമെന്നാണ് കരുതുന്നത്.
 

Latest News