പട്ന- ബീഹാറിലെ കതിഹാർ ജില്ലയിൽ യുവതിയെ ശല്യം ചെയ്തയാളെ ക്രൂരമായി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും കഴുത്തിൽ ചെരിപ്പ് മാല യിട്ട് നടത്തിക്കുകയും ചെയ്തു. കബാർ ഗ്രാമത്തിൽ രാജീവ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫ്ളോർ മില്ലിൽ ജോലി ചെയ്തിരുന്ന ആനന്ദാണ് ക്രൂര മർദനത്തിനിരയായത്. വീട്ടിൽ പതിവായി സന്ദർശനം നടത്തി ആനന്ദ് രാജീവ് കുമാറിന്റെ ഭാര്യയുമായി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ആനന്ദും യുവതിയും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് മാസമായി ആനന്ദ് തന്നെ ശല്യപ്പെടുത്തുകയും അനാവശ്യ കോളുകൾ ചെയ്യുകയും ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറുകയും ചെയ്തുവെന്ന് യുവതി പറഞ്ഞതോടെയാണ് യുവാവിനെ കൈകാര്യം ചെയ്യുന്നതിലെത്തിയത്.
ആനന്ദ് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചതോട് കുടുംബാംഗങ്ങൾ പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിനെ കുറ്റിയിൽ കെട്ടിയിട്ട് മർദിക്കുകയും തലയും താടിയും വടിക്കുകയും ചെരുപ്പ് കൊണ്ട് മാല ചാർത്തുകയും ചെയ്തു. തന്നോട് സംസാരിക്കരുതെന്ന് പറഞ്ഞ് ആനന്ദ് ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
അതേസമയം താൻ നിരപരാധിയാണെന്നും യുവതി തന്നെ സ്ഥിരമായി ഫോൺ ചെയ്യാറുണ്ടെന്നും വീട്ടിലേക്ക് വിളിക്കാറുണ്ടെന്നും ആനന്ദ് ആരോപിച്ചു. യുവതിയുമായി നിരന്തരം ഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നെങ്കിലും പ്രണയം ഇല്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
വിവരമറിഞ്ഞ് പോലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇരു കക്ഷികളും പരാതി നൽകാത്തതിനാൽ ആനന്ദിനെ പിന്നീട് പോലീസ് വിട്ടയച്ചു.