പറ്റ്‌ന - ബീഹാറിൽ ട്രെയിനിന്റെ ശുചിമുറിയിൽ യുവതിയുടെ മൃതദേഹം. ന്യൂഡൽഹി-രാജ്ഗിർ ശ്രംജീവി എക്‌സ്പ്രസിന്റെ ശുചിമുറിയിൽ നിന്നാണ് ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ രാജ്ഗീർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വൃത്തിയാക്കുന്നതിനായി പിറ്റ് ലൈനിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ 10.30ന് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ 11.30-നാണ് പിറ്റ് ലൈനിലെത്തിയത്. തുടർന്ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തി റെയിൽവേ പോലീസിനെ വിവരം അറിയിച്ചത്.
ശുചിമുറിക്കുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഷാളിന്റെ ഒരു അറ്റം ഹാംഗറിൽ കെട്ടി കഴുത്തിൽ ഷാൾ ചുറ്റിവലിഞ്ഞ നിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പോസ്റ്റമോർട്ടം നടപടികൾക്കായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.