കൊച്ചി- തമ്മനത്ത് മീൻ വിൽപനയിലൂടെ ശ്രദ്ധ നേടിയ ഹനാന്റെ ജീവിതകഥ സത്യമാണെന്നും ഈ കുട്ടിയെ ഒന്നര വർഷമായി തനിക്കറിയാമെന്നും സംവിധായകൻ ശ്രീകാന്ത് വിജയ്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ശ്രീകാന്ത് വിജയ് ഹനാന് പിന്തുണയുമായി എത്തിയത്. തന്റെ സിനിമയിൽ അവസരം തേടി ഹനാൻ എത്തിയിരുന്നുവെന്നും ജീവിതപ്രാരാബ്ദങ്ങളെ പറ്റി അറിയാമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിൽനിന്ന്:
സുഹൃത്തുക്കളേ,
ഒരൊറ്റ ദിവസംകൊണ്ട് ലോക മലയാളികളുടെ ഇടയിൽ തരംഗമായ ഒരു കുട്ടിയുണ്ട് 'ഹനൻ'. ഈ കുട്ടിയെ എനിക്ക് ഒന്നര വർഷമായി നേരിട്ട് അറിയാവുന്നതാണ്.
ഞാൻ ഒരു സിനിമയുടെ തിരക്കഥാ രചനയുമായി മൂവാറ്റുപുഴയിൽ ഉണ്ടായിരുന്ന സമയത്താണ് ആദ്യമായി പരിചയപ്പെടുന്നത്. ചാൻസ് ചോദിച്ചു വന്നതാണ്.
തിരക്കഥ പൂർത്തിയായശേഷമേ എന്തെങ്കിലും ഉറപ്പ് പറയാൻ കഴിയുകയുള്ളു എന്ന് പറഞ്ഞ് എന്റെ മൊബൈൽ നമ്പർ കൊടുത്ത് വിട്ടു.പിന്നീട് പലപ്പോഴും ഫോൺ ചെയ്തും വാട്ട്‌സാപ്പ് വഴിയും സിനിമയുടെ കാര്യങ്ങൾ തിരക്കാറുണ്ടായിരുന്നു.അക്കൂട്ടത്തിൽ ഒരു ദിവസം 'സർ ചെറുതാണെങ്കിലും, ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം തന്ന് സഹായിക്കണം' എന്ന് അപേക്ഷിച്ചു.നായകന്റെ അനിയത്തിയുടെ വേഷമുണ്ടെങ്കിലും, നായകന്റെ പൊക്കത്തിന് അനുസരിച്ച് ഈ കുട്ടിക്ക് തീരെ പൊക്കമില്ലാത്തതിനാൽ ആ വേഷവും ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞു.
നല്ലൊരു സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്താൽ ആംഗറിങിങിനും മറ്റ് പ്രോഗ്രാമുകൾക്കും പോകുമ്പോൾ അത്യാവശ്യം നല്ല കാശ് കിട്ടുമെന്നും, വീട്ടിലെ അവസ്ഥ വളരെ മോശമാണെന്നും പറഞ്ഞ് കരഞ്ഞു. അക്കൂട്ടത്തിൽ തന്റെ അമ്മയുടേയും അച്ചന്റേയും കാര്യവുമെല്ലാം പറഞ്ഞതാണ്.
ഷൂട്ട് തുടങ്ങുമ്പോൾ എന്തായാലും ഞാനൊരു നല്ല വേഷം കൊടുക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.പിന്നീട് സിനിമയുടെ പൂജയുടെയന്ന്, രാത്രി ഒരു പത്തര മണിയോടെ എന്നെ വന്ന് കണ്ട് ആശംസകൾ നേർന്നു.അന്ന് ആ കുട്ടിക്ക് തിരുവനന്തപുരത്ത് ഏതോ ചെറിയ വർക്ക് ഉണ്ടായിരുന്നു.
ഒറ്റക്ക് ഒരു പെൺകുട്ടി, വലിയൊരു ബാഗും ചുമന്ന് രാത്രിയിൽ ഇത്രയും ദൂരം പോകുന്നത് കഷ്ടമല്ലേ എന്ന് ചിന്തിച്ച ഞാൻ, ഏതെങ്കിലും ഒരു ഹോട്ടലിൽ റൂമെടുത്ത് കിടന്നുറങ്ങിയിട്ട്, നാളെ പോകാൻ പറഞ്ഞു.
രാവിലെ അവിടെ എത്തിയിട്ട് എന്തോ അത്യാവശ്യമുണ്ടെന്ന് അവൾ പറഞ്ഞപ്പോൾ, ഞാൻ ബസ്സ് സ്റ്റാൻഡ് വരെ ഒരു കാർ വിട്ടുകൊടുത്തു.
കാശൊന്നും ഉണ്ടാവില്ലാ എന്ന്കരുതി ഞാൻ ഒരു 1000 രൂപ എടുത്ത് കൊടുത്തു. സന്തോഷപൂർവ്വം അത് നിരസ്സിച്ചുകൊണ്ട് അവൾ എന്നോട്, 'വേണ്ട സർ. ഇപ്പോൾ തൽക്കാലം പോകാനുള്ള കാശ് കൈയ്യിലുണ്ട്. സാറിന്റെ സിനിമയിൽ ഞാൻ ഏതെങ്കിലും വേഷം ചെയ്യുമ്പോൾ ഇത് പ്രതിഭലമായി തന്നാൽമതി' എന്നാണ് പറഞ്ഞത്.
സത്യം പറഞ്ഞാൽ അപ്പോൾ ആ കുട്ടിയെ ഓർത്ത് അഭിമാനം തോന്നി. പിന്നെ ഒരു കാര്യംകൂടി. അവൾ മീൻ വിൽക്കാൻ പോകുന്നകാര്യം ഞാനും ഇന്നലെയാണ് അറിഞ്ഞത്. എന്തൊക്കെ ആയാലും എന്റെ അറിവിൽ അവൾ ഒരു നല്ല കുട്ടിയാണ്. ഇനിയും അവൾ അഭിനയിക്കുമെങ്കിൽ എന്റെ സിനിമയിൽ ഞാൻ അവസരം കൊടുക്കും.
ശ്രീകാന്ത് വിജയ്