കൊച്ചി- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മൊഴിയെടുക്കല്‍ തുടരുന്നു. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ ബിനാമികളെന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് ചോദ്യം ചെയ്തത്. ബിനാമിയെന്ന് സംശയിക്കുന്ന സതീഷ് കുമാര്‍, ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍, കമ്മീഷന്‍ ഏജന്റെന്ന് ഇ.ഡി സംശയിക്കുന്ന പി.പി. കിരണ്‍ എന്നിവരെയാണ് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്തത്. കിരണിനെ മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ നടപടി വൈകിട്ടോടെയാണ് അവസാനിച്ചത്. ബാങ്കിന്റെ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, എ.സി മൊയ്തീന്റെ ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന അനില്‍ സേഠ്, സുരേഷ് ബാബു എന്നിവരെയും കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. നാലിന് ആദായനികുതി വിവരങ്ങളുമായി ഹാജരാകണമെന്ന് എ.സി. മൊയ്തീനും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22ന് ഇഡി എ.സി. മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡ് നടത്തിയിരുന്നു. ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-18 കാലത്ത് അനധികൃത വായ്പ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് കണക്കുകള്‍. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി മൊയ്തീന്‍ ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പിന്നില്‍ എ.സി. മൊയ്തീനാണെന്ന നിലപാടിലാണ്ഇ.ഡി.