Sorry, you need to enable JavaScript to visit this website.

നീതിയുടെ വിജയം, ഇനി കനിയേണ്ടത് സര്‍ക്കാര്‍ -ഹര്‍ഷീന

കോഴിക്കോട് - രണ്ട് ഡോക്ടര്‍മാരടക്കം നാലുപേരെ പ്രതിയാക്കി റിപ്പോര്‍ട്ട് സമര്‍പിച്ച പോലീസ് നടപടി നീതിയുടെ വിജയമാണെന്ന് ഹര്‍ഷീന പറഞ്ഞു. വൈകിയാണെങ്കിലും നീതികിട്ടിയതില്‍ പോലീസിനോട് അങ്ങേയറ്റം കടപ്പാടുണ്ട്. ഇനി കനിയേണ്ടത് സര്‍ക്കാരാണ്. ആരോഗ്യപരമായ ഒരുപാട് പ്രശ്‌നങ്ങളുമായി 103ദിവസമായി മെഡിക്കല്‍ കോളജിന് മുമ്പില്‍ സമരമിരിക്കുന്നത്. സമരസമിതിയുടെ സഹായമാണ് എടുത്തുപറയേണ്ടത്. അവര്‍കൂടെയുള്ളതാണ് തന്റെ ശക്തി. ഹര്‍ഷീനക്ക് ഒപ്പമാണെന്ന് പറയുന്ന ആരോഗ്യമന്ത്രിയിലാണ് ഇനിയുള്ള പ്രതീക്ഷ. കുറ്റകരമായ അനാസ്ഥയാണ്   സംഭവിച്ചതെന്ന് ആവര്‍ത്തിക്കുമ്പോഴും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മന്ത്രി തയാറാവാത്തത് വലിയ സങ്കടമാണുണ്ടാക്കുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെടുന്നത് ഇനിയും ഹര്‍ഷീനമാര്‍ ആവര്‍ത്തിക്കരുതെന്ന് കരുതിയാണ്. അതൊരു വലിയ പാഠമാവും. നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഇത്രയും കാലം താന്‍ അനുഭവിച്ച വേദനക്കുള്ള പരിഹാരമായിട്ടാണ്. ജോലിപോലും കളഞ്ഞാണ് ഭര്‍ത്താവ് കൂടെ നില്‍ക്കുന്നത്. ചികിത്സക്കായി വീടടക്കം പണയത്തിലാണ്. ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടം കൂടിയാണിതെന്നും അവര്‍ പറഞ്ഞു. സമരപന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

 

Latest News