ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ ബഹുമതി ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവാഡിന്. ലിയണല്‍ മെസ്സി (നൈജീരിയക്കെതിരെ), ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (സ്‌പെയിനിനെതിരെ) തുടങ്ങിയ മുന്‍നിര കളിക്കാരുടെ തെരഞ്ഞെടുക്കപ്പെട്ട 18 ഗോളുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പിലാണ് ഒരു ഡിഫന്ററുടെ ഗോളിന് അവാര്‍ഡ് കിട്ടിയത്. മെസ്സിയുടെ ഗോളിന് അഞ്ചാം സ്ഥാനവും ക്രിസ്റ്റിയാനോയുടെ ഫ്രീകിക്കിന് നാലാം സ്ഥാനവുമാണ് ലഭിച്ചത്.
ജപ്പാനെതിരെ കൊളംബിയയുടെ യുവാന്‍ ക്വിന്റരൊ എടുത്ത തന്ത്രപൂര്‍വമായ ഫ്രീകിക്കിനാണ് മികച്ച ഗോളുകളില്‍ രണ്ടാം സ്ഥാനം. അര്‍ജന്റീനക്കെതിരെ ക്രൊയേഷ്യയുടെ ലൂക്ക മോദ്‌റിച്ചിന്റെ ബുള്ളറ്റ് ഷോട്ടിന് മൂന്നാം സ്ഥാനം ലഭിച്ചു. 64 കളികളിലായി 169 ഗോളാണ് ലോകകപ്പില്‍ പിറന്നത്.
അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ് 1-2 ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് അമ്പത്തേഴാം മിനിറ്റില്‍ പവാഡിന്റെ സമനില ഗോള്‍ വന്നത്. ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് പിന്നിലായ ഒരേയൊരു ഘട്ടമായിരുന്നു അത്. സാങ്കേതികത്തികവാണ് ആ ഗോള്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ഫ്രാന്‍സിനു വേണ്ടി ഇരുപത്തിരണ്ടുകാരന്റെ പ്രഥമ ഗോളായിരുന്നു അത്.