Sorry, you need to enable JavaScript to visit this website.

ജലന്തര്‍ ബിഷപ്പ് അഞ്ച് കോടി വാഗ്ദാനം ചെയ്തുവെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം- പീഡനക്കേസില്‍നിന്നു പിന്മാറാന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്‍കി. പണത്തിനു പുറമെ കന്യാസ്ത്രീക്കു സഭയില്‍ ചോദിക്കുന്ന സ്ഥാനവും ബിഷപ്പ് വാഗ്ദാനം ചെയ്തതായി വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയില്‍ സഹോദരന്‍ വ്യക്തമാക്കുന്നു.
രണ്ടാഴ്ച മുമ്പ് കാലടി സ്വദേശിയായ സുഹൃത്ത് മുഖേനയാണ് ബിഷപ്പ് അനുനയ നീക്കം നടത്തിയതെന്ന് പറയുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നും നിശബ്ദത പാലിക്കണമെന്നുമായിരുന്നു ആവശ്യം. കേസുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കിയതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങിയതായും പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ പറയുന്നു.  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് ബിഷപ്പ് അനുനയ നീക്കം സജീവമാക്കിയത്.
കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയതു താനാണെന്നു സഹോദരന്‍ സമ്മതിച്ചു. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു കര്‍ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്തുവിടാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സഹോദരന്‍ പറഞ്ഞു.
 

Latest News