കോട്ടയം - ചരിത്രത്തിലാദ്യമായി എൻ.എസ്.എസ് സമദൂര സിദ്ധാന്തം ഉപേക്ഷിച്ചുവെന്നും പുതുപ്പള്ളിയിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എൻ.എസ്.എസ് നേതൃത്വം പത്രക്കുറിപ്പിൽ അറിയിച്ചു.
സമദൂരം ഉപേക്ഷിച്ച് എൻ.എസ്.എസ് പുതുപ്പള്ളിയിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിലും മറ്റും വാർത്ത വന്നിരുന്നു. മിത്ത് വിവാദത്തിന്റെയും നാമജപഘോഷയാത്രയുടെയും പശ്ചാത്തലങ്ങളിൽ പുതുപ്പള്ളിയിൽ എൻ.എസ്.എസ് ബി.ജെ.പിയെ പിന്തുണക്കുമെന്നായിരുന്നു വാർത്ത. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻ.എസ്.എസ് പത്രക്കുറിപ്പ് ഇറക്കിയത്.
'പുതുപ്പള്ളിയിലും സമദൂര സിദ്ധാന്തം തുടരും. എൻ.എസ്.എസ് പ്രവർത്തകർക്ക് അവരവരുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്നല്ല അതിനർഥമെന്നും' എൻ.എസ്.എസ് വ്യക്തമാക്കി.
രണ്ടുദിവസം മുമ്പ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരുന്നു. എന്തായാലും സമദൂര സിദ്ധാന്തം തുടരുമെന്നാണ് എൻ.എസ്.എസ് നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ. ഈ സമദൂരം ഇനി ആരെ സഹായിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നത്.