കൊച്ചി - എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്നാരോപിച്ച് വനിതാ ഡോക്ടറുടെ പരാതി. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നല്കി.
2019-ൽ എറണാകുളം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടർ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. പരാതി മറച്ചുവെച്ചോ എന്നതടക്കമുള്ള മറ്റ് വിവരങ്ങൾ കൃത്യമായി അറിയാനും നിർദേശമുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്നാണ് വിവരം.
ദുരനുഭവമുണ്ടായ അന്ന് ഫോൺ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് വനിതാ ഡോക്ടർ പോസ്റ്റിൽ കുറ്റപ്പെടുത്തി. ഇപ്പോൾ എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും വീണ്ടും പരാതി നല്കിയതായും വനിതാ ഡോക്ടർ വ്യക്തമാക്കി. ആരോപണ വിധേയനായ സീനിയർ ഡോക്ടർ ഇപ്പോൾ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.