അബുദാബി- രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍നിന്നുള്ള സുല്‍ത്താന്‍ അല്‍ നെയാദിയുടെ മടങ്ങിവരവ് വൈകുമോ എന്ന് സംശയം. ഞായറാഴ്ചയാണ് ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയും മറ്റ് ആറ് പേരും ഫ്‌ളോറിഡ തീരത്ത് ഇറങ്ങേണ്ടത്. എന്നാല്‍ ഇഡാലിയ ചുഴലിക്കാറ്റിന്റെ ആഘാതം അന്തരീക്ഷത്തെ മാറ്റിമറിച്ചിട്ടുണ്ട്.
ഇതുവരെ സമയമാറ്റമൊന്നും നല്‍കിയിട്ടില്ല. നാസയും സ്പേസ് എക്സും സെപ്റ്റംബര്‍ 2 ശനിയാഴ്ച, ബഹിരാകാശ പേടകമായ എന്‍ഡോവര്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ (ഐ.എസ്.എസ്) നിന്ന് അണ്‍ഡോക്ക് ചെയ്യാനും 24 മണിക്കൂറിന് ശേഷം ഫ്‌ളോറിഡ തീരത്ത് സുരക്ഷിതമായി ഇറങ്ങാനുമാണ് പദ്ധതി.
'ഫ്‌ളോറിഡ തീരത്ത് ബഹിരാകാശ വാഹനം ഇറങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള സ്പ്ലാഷ്ഡൗണ്‍ സൈറ്റുകളിലുടനീളമുള്ള കാലാവസ്ഥ സംയുക്ത ടീമുകള്‍ നിരീക്ഷിക്കുയെന്ന് നാസ അറിയിച്ചു. ഇഡാലിയ ചുഴലിക്കാറ്റ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പ്രത്യേകം പഠിക്കുന്നുണ്ട്.
അതേസമയം, ഇഡാലിയ ചുഴലിക്കാറ്റ് ഫ്‌ളോറിഡ തീരത്ത് കനത്ത പേമാരിക്കും ചുഴലിക്കാറ്റിനും ഇടയാക്കിയിട്ടുണ്ട്. മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും നിരവധി താമസക്കാരെ ഒഴിപ്പിക്കുന്നതായും ഫ്‌ളോറിഡ ഗവര്‍ണര്‍ പറഞ്ഞു.