കോഴിക്കോട്- ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്‍റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ചില ബി.ജെ.പി. നേതാക്കളുടെ പ്രഖ്യാപനം. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെവിടെയും സംഘപരിവാര്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്ന സാഹചര്യമാണ്. മണിപ്പുര്‍ ഇന്ത്യയിലെവിടെയും നടക്കും. ഗുജറാത്തില്‍ പണ്ടേ നടന്നിട്ടുണ്ട്. സംഘപരിവാറിന് ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിലും ജനങ്ങളെ വിഭജിക്കുന്നതിനുവേണ്ടിയുള്ള വര്‍ഗീയ ധ്രുവീകരണവുമായി ബന്ധപ്പെട്ട ആസൂത്രിതമായ നീക്കങ്ങള്‍ നടത്താനാവും. ഇതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നം.
പാടം നികത്തുന്നതിനെതിരേ വി.എസ്. സമരം നടത്തിയപ്പോള്‍ വെട്ടിനിരത്തലെന്നു പറഞ്ഞ് മാധ്യമങ്ങള്‍ അധിക്ഷേപിച്ചു. ആ വെട്ടിനിരത്തല്‍ കാരണമാണ് കേരളം ഇങ്ങനെ നിലനില്‍ക്കുന്നത്. മണ്ണ് മാഫിയയെ ശക്തമായി നേരിടണമെന്നാണ് എപ്പോഴത്തെയും നിലപാട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ കള്ളപ്രചാരണം നടത്തുന്നു. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.