ജിദ്ദ-സൗദിയിൽ റസ്റ്റോറന്റുകളടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധനക്കിടെ എലി, പാറ്റ, പ്രാണികൾ എന്നിവയെ കണ്ടെത്തിയാൽ 400 മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും. നഗരസഭയുടെ പരിഷ്‌കരിച്ച നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം പരിശോധനക്കിടെ സ്ഥാപനത്തിൽനിന്ന് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടാൽ 200 മുതൽ ആയിരം റിയാൽ വരെ പിഴ ചുമത്തും. നഗരങ്ങളുടെ വലിപ്പ വ്യത്യാസങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ പരിഷ്‌കരിച്ച നിയമാവലിയിൽ വ്യവസ്ഥ ചെയ്യുന്നു. നഗരസഭാ ലൈസൻസ് നേടാതെ പ്രവർത്തനം തുടങ്ങിയാൽ 10,000 റിയാൽ മുതൽ 50,000 റിയാൽ വരെയും ലൈസൻസിന് വിരുദ്ധമായ മേഖലയിൽ പ്രവർത്തിക്കുന്നതിന് 1,000 റിയാൽ മുതൽ 5,000 റിയാൽ വരെയും ലൈസൻസിൽ ഉൾപ്പെടുത്താത്ത പ്രവർത്തന മേഖല ഉൾപ്പെടുത്തുന്നതിന് 600 റിയാൽ മുതൽ 3,000 റിയാൽ വരെയും സ്ഥാപനങ്ങൾക്ക് പിഴ ലഭിക്കും. മൂക്കും വായും സ്പർശിക്കൽ, മൂക്ക് ചീറ്റൽ, തുപ്പൽ എന്നീ നിയമ ലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴ ലഭിക്കുക.