Sorry, you need to enable JavaScript to visit this website.

ഹനാന്‍ മീന്‍കാരിയല്ല, കലാകാരി; വാര്‍ത്ത നാടകമെന്ന് ആക്ഷേപം

 എറണാകുളം പാലാരിവട്ടം ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ മത്സ്യവിൽപന നടത്തുന്ന ബിരുദ വിദ്യാർഥിനി മലയാളികളെ തേച്ചുപോയോ. മലയാളികളുടെ ദയാമനസിനെ ചൂഷണം ചെയ്യാൻ പെൺകുട്ടിയെ രംഗത്തിറക്കി കളിച്ചത് പ്രമുഖ മാധ്യമവും ചില സിനിമാ അണിയറ പ്രവർത്തകരുമാണെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നു തുടങ്ങി. നേരത്തെ തന്നെ മോഡലിംഗ് രംഗത്തും സിനിമാമേഖലയിലും സജീവമായ ഹനാൻ എന്ന പെൺകുട്ടിയെ ഉപയോഗിച്ച് വാർത്തക്കും സിനിമക്കും റീച്ച് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ആക്ഷേപം. 
മോഹൻലാലിനൊപ്പം ഹനാൻ നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തു. മോഹൻലാലിന്റെ മകൻ പ്രണവ് നായകനാകുന്ന അരുൺ ഗോപിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിലേക്ക് ഹനാന് ക്ഷണവും ലഭിച്ചിട്ടുണ്ട്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് സിനിമയുടെ നിർമാണം പൂർത്തിയാക്കുന്നത്. ചില മാധ്യമപ്രവർത്തകരുടെ പിന്തുണയോടെയാണ് ഹനാൻ നാടകം അരങ്ങേറിയത് എന്നാണ് ആക്ഷേപം. 
അതിനിടെ, വാർത്ത പ്രചരിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടൻ ഹനാനുമായി ഫോണിൽ സംസാരിക്കുകയും അൽ അസ്ഹർ കോളേജ് ഉടമകളുമായി ബന്ധപ്പെടുകയും ചെയ്തു. ഹനാന്റെ പഠനം സൗജന്യമാക്കുമെന്നും തമ്മനത്തു നിന്ന് തൊടുപുഴയിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കുമെന്നും കോളേജ് അധികൃതർ രമേശ് ചെന്നിത്തലക്ക് ഉറപ്പു നൽകി. 600 ഓളം ഫോൺ കോളുകളാണ് തനിക്ക് വന്നതെന്ന് ഹനാൻ വെളിപ്പെടുത്തി. 
അതേസമയം, പഠനത്തിന് മുന്നിൽ പണം തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു ഹനാൻ എന്ന നിലക്കാണ് രാവിലെ മുതൽ വാർത്തകൾ പ്രചരിക്കപ്പെട്ടത്. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രചോദനമായും ഹനാൻ നിറഞ്ഞുനിന്നു. 

ഹനാനെ പറ്റി പ്രചരിച്ച വാർത്തയുടെ പൂർണ രൂപം ഇങ്ങനെയായിരുന്നു:
പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണവൾ. പേര് ഹനാൻ. തൃശൂർ സ്വദേശിനി. പുലർച്ചെ മൂന്നു മണിക്ക് ഹനാന്റെ ഒരു ദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെ നിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസ സ്ഥലത്തേക്ക് മടങ്ങും. ഇത് ഒന്നാംഘട്ടം.
മാടവനയിൽ വാടക വീട്ടിലാണ് ഹനാന്റെ താമസം. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക്. 9.30ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ അവളെ കാണാം.
മൂന്നരക്ക് കോളേജ് വിടും. ചുറ്റിയടിക്കാൻ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻ പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരും.
സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു ഹനാന്റെ സ്വപ്നം. അവിടെ നിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലി ചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാൽ ചികിത്സക്ക് പണം വേണ്ടിവന്നില്ല.
ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾ തോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരു മാസത്തോളം മീൻ വിൽപ്പനക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റക്കായി.
നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ് ഹനാൻ. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവുമൊക്കെയാകുമ്പോൾ നല്ല തുകയാകും. പക്ഷേ, അവളുടെ കഠിനാധ്വാനത്തിനു മുന്നിൽ കടമ്പകൾ ഓരോന്നും വഴിമാറുകയാണ്. ജീവിതത്തിൽ നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവർക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം.

ഈ വാർത്തക്കെതിരെ കടുത്ത ആക്ഷേപമാണ് ഇന്ന് വൈകിട്ട് മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അരങ്ങേറുന്നത്. 

 

Latest News