തിരുവനന്തപുരം - മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ ഫെയ്‌സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാറാണ് തന്റെ എഫ്.ബി അക്കൗണ്ട് മരവിപ്പിച്ചത്.
രണ്ട് അക്കൗണ്ടുകളാണ് ഇയാൾക്ക് ഫെയ്‌സ്ബുക്കിൽ ഉണ്ടായിരുന്നത്. ഇതിൽ നന്ദകുമാർ കൊളത്താപ്പിള്ളി എന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടിലൂടെയായിരുന്നു ഇയാൾ അച്ചുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരുന്നത്.
അച്ചു ഉമ്മന്റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാൾ അക്കൗണ്ട് മരവിപ്പിച്ചത്. പരാതിയിൽ നന്ദകുമാറിനെ പൂജപ്പുര പോലീസ് ചോദ്യം ചെയ്യാനായി ഉടൻ വിളിപ്പിക്കുമെന്നാണ് സൂചന. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പോലീസ് ഇയാൾക്കെതിരേ കേസെടുത്തത്.