റിയാദ്- പുരാതന സ്‌പെയ്‌നിലെ മുസ്ലിം നാഗരികതയെ കുറിച്ചുള്ള അപൂർവ്വ കൃതിയുമായി റിയാദ് കിംഗ് അബ്ദുൽ അസീസ് ലൈബ്രറി. പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും സഞ്ചാരിയുമായിരുന്ന ഡേവിഡ് റോബർട്ടിസിന്റെതാണ് കാഴ്ചയിൽ അതിമനോഹരവും അമൂല്യ ചരിത്ര സ്മരണകളും പെയിന്റിംഗുകളുമുൾക്കൊള്ളുന്ന ഈ അപൂർവ്വ കൃതി. 1832-1833 വർഷങ്ങളിൽ ഗ്രന്ഥകാരൻ സ്‌പെയ്‌നിലേക്കു നടത്തിയ അന്വേഷണ യാത്രക്കിടയിലാണ് സ്‌പെയ്‌നിൽ നിന്നുള്ള ചിത്രങ്ങൾ എന്ന പേരിലുള്ള ഗ്രന്ഥ രചന നിർവഹിച്ചിരിക്കുന്നത്. കൈകൾ കൊണ്ട് നിർവഹിച്ചിരിക്കുന്ന 26 പെയിൻ്‌റിംഗുകൾ ഗ്രന്ഥകർത്താവായ ഡേവിഡ് റോബർട്ടിസിന്റെ തന്നെ മേൽനോട്ടത്തിലായിരുന്നു ലിത്തോ പ്രിന്റിംഗിൽ അച്ചടിച്ചിരുന്നത്. മുപ്പതു കോപ്പികൾ മാത്രമാണ് ഇതിൽ നിന്ന് പ്രിന്റ് ചെയ്തിരിക്കുന്നത്. അറേബ്യൻ നാഗരിക പ്രതിഫലിപ്പിക്കുന്ന കൊട്ടാരങ്ങൾക്കും ചരിത്ര ശേഷിപ്പുകൾക്കുമാണ് ഇതിലെ കൂടുതൽ പേജുകളും നീക്കിവെച്ചിട്ടുള്ളത്. ഗ്രാനഡയുടെയും അൽ ഹംബ്ര പാലസിന്റെയും സ്‌പെയ്‌നിലെ ഇസ്‌ലാമിക വാസ്തു ശിൽപത്തിന്റെയും കൊത്തുപണികളുടെയും മനോഹരവും സൂക്ഷമവുമായ വിശദീകരണങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് പെയിന്റിംഗുകളെല്ലാം. തോലുകൊണ്ടു നിർമിച്ചിരിക്കുന്ന പുറം ചട്ടയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥത്തിന്റെ പേരും ചിത്രപ്പണികളിൽ ചിലതിലും സ്വർണം പൂശുകയും ഇരു ചട്ടകളിലും ജാമിതീയ ചിത്രങ്ങൾ വരക്കുകയും ഗ്രന്ഥത്തിന്റെ വക്കുകളും കോണുകളും സ്വർണം പൂശി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
സെവില്ലയിലെ കാറ്റാടിയന്ത്രം, മാഡ്രിഡ് നഗരത്തിലേക്കുള്ള പ്രവേശന കവാടം, ടോളിഡോ-മാഡ്രിഡ് പാലം, കൊർദോവയിലെ ഒരു പുരാതന മസ്ജിദിന്റെ ഇടനാഴി, ജിബ്രാൾട്ടൻ പർവ്വതം, സെവില്ലെയിലെ കാളപ്പോര് തുടങ്ങി 26 ചിത്രങ്ങളും മനോഹരങ്ങളാണ്. 1997 ൽ സ്‌പെയ്‌നിലെ പോർച്ചുഗൽ രാജാവ് കാർലോസ് 1 മന്റെ പേരിലുള്ള ലൈബ്രറിയിൽ നിന്നാണ് റിയാദിലെ കിംഗ് അബ്ദുൽ ലൈബ്രറിയിലേക്ക് ഈ കൃതിയെത്തുന്നത്.
1796 മുതൽ 1864 വരെ ജീവിച്ചിരുന്ന ഡേവിഡ് റോബർട്ട്‌സ് പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ചിത്രകാരന്മാരിൽ പ്രമുഖനായ വ്യക്തിയായിരുന്നു. ആ കാലത്ത് തന്നെ വാട്ടർ കളറിംഗുകൾ ചെയ്തിരുന്ന അപൂർവ്വം ചിത്രകാരന്മാരിലൊരാളായിട്ടാണ് റോബർട്ട് ഡേവിഡ് അറിയപ്പെടുന്നത്, ലിത്തോ പ്രിന്റിംഗു മാത്രമായിരുന്നു ആ കാലത്തു പ്രചാരത്തിലുണ്ടായിരുന്നത്. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള തന്റെ യാത്രാവിവരണവും ചിത്രങ്ങളുമെല്ലാം ആറു വാള്യങ്ങളുള്ള വലിയ ഗ്രന്ഥമായി ഡേവിഡ് റോബർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ മൂന്നു വാള്യങ്ങൾ ഈജിപ്തിനെ കുറിച്ച് മാത്രവും ബാക്കി മൂന്നു വാള്യങ്ങളിൽ സിറിയ ലബനോൺ ഫലസ്തീൻ ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളെ കുറിച്ചുമാണ്. സ്‌റ്റെവില്ല കത്രീഡൽ, ജറൂസലെമിലെ സ്‌ക്രപ്പൾച്ചർ ചർച്ച്, കൈറോ നഗരക്കാഴ്ചകൾ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ എന്നിവയെല്ലാമാണ് അതിലെ പ്രധാന പെയിന്റിംഗുകൾ.