Sorry, you need to enable JavaScript to visit this website.

20 ഭണ്ഡാര മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍

പാലക്കാട്- മാല പൊട്ടിക്കല്‍, ഭവനഭേദനം, ഭണ്ഡാര മോഷണം എന്നിവ തൊഴിലാക്കിയ രണ്ട് മോഷ്ടാക്കളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് പുതിയപാലം സ്വദേശി ഷാഫിദ് (18), ഒറ്റപ്പാലം കാഞ്ഞിരക്കടവ് കാളത്തൊടി വീട്ടില്‍ അബൂബക്കര്‍ (22) എന്നിവരെയാണ് ഇന്നലെ രാത്രി പാലക്കാട്-കോഴിക്കോട് ബൈപാസ് റോഡില്‍ വെച്ച് പിടികൂടിയത്.
മഴക്കാല മോഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നോര്‍ത്ത് എസ്.ഐ ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടന്നുവന്ന പ്രത്യേക രാത്രികാല പട്രോളിങ്ങ് സംഘം സംശയകരമായ സാഹചര്യത്തില്‍ ബൈക്കിലെത്തിയ സംഘത്തെ  പരിശോധിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റിയിരുന്നു. ബൈക്കില്‍ ഒളിപ്പിച്ചു വെച്ച ഇരുമ്പ് കമ്പിയും പോലീസ് കണ്ടെടുത്തു. ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ അടുത്തിടെ പാലക്കാട് നഗര പരിസരങ്ങളില്‍ നടന്ന ഇരുപ്പത്തിയഞ്ചോളം കേസിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. ബൈക്കിലെത്തി മാല പൊട്ടിച്ച അഞ്ചോളം കേസുകളും ഒരു ഭവനഭേദന കേസും, ഇരുപതോളം ഭണ്ഡാര മോഷണക്കേസുകളും ഇവരുടെ പേരിലുണ്ട്.
പാലക്കാട് കല്‍പാത്തി മണല്‍മന്ത അംബികപുരം സ്വദേശിനി സ്വര്‍ണലതയുടെ രണ്ട് പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചതും,  കല്‍പാത്തി ശരമണ നിവാസില്‍ പത്മനാഭന്റെ ഭാര്യയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചതും, കല്‍പാത്തി വൈദ്യനാഥപുരം സ്വദേശിനി ഭാഗ്യലക്ഷ്മിയുടെ ഒന്നരപ്പവന്റെ മാല പൊട്ടിച്ചതും, കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് എന്‍.വി.നിവാസില്‍ അന്നപൂര്‍ണേശ്വരിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചതും, കുഴല്‍മന്ദം കണ്ണനൂര്‍ സ്വദേശിനി ഗീതയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചതും തങ്ങളാണെന്ന് ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.  കഴിഞ്ഞയാഴ്ച കണ്ണാടി മണലൂരിലുള്ള രൂപേഷ് കുമാറിന്റെ വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് ലാപ്‌ടോപ്, ക്യാമറ, പെന്‍ഡ്രൈവുകള്‍ എന്നിവ മോഷ്ടിച്ചതും ഇവരാണ്.
പാലക്കാട് ഡി.പി.ഒ റോഡിലുള്ള സെന്റ് മേരീസ് ചര്‍ച്ച്, ധോണി സെന്റ് ജെയിംസ് ചര്‍ച്ച്, പൂച്ചിറ സുന്നി മസ്ജിദ്, പന്നിയംപാടം ചുരത്തിങ്കല്‍പ്പള്ളി, എഴക്കാട് ബംഗ്ലാവ് കുന്ന് ചര്‍ച്ച്, കോങ്ങാട് മുഹിയുദ്ദീന്‍ സുന്നി മസ്ജിദ്, ഒമ്പതാം മൈല്‍ മാര്‍ ഗ്രിഗോറിയസ് ചര്‍ച്ച്, നെല്ലിപ്പുഴ ജുമാ മസ്ജിദ്, മാങ്ങോട് ജുമാ മസ്ജിദ്, നൊട്ടമല ജുമാ മസ്ജിദ്, തൃക്കളൂര്‍ സുബ്രമണ്യ ക്ഷേത്രം, മാങ്ങോട് മില്ലുംപടി മുസ്‌ലിം പള്ളി, തുപ്പുനാട് ജുമാ മസ്ജിദ്, പൊന്നംകോട് സെന്റ് ആന്റണി ചര്‍ച്ച്, തച്ചമ്പാറ മസ്ജിദു റഹ്മ, മുള്ളത്തുപാറ മഖാം പള്ളി തുടങ്ങി പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ മുന്നൂറോളം അമ്പലം, പള്ളി, ചര്‍ച്ച് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു.
പകല്‍ സമയം ബൈക്കില്‍ കറങ്ങി നടന്ന് ഒറ്റക്ക് നടന്നു വരുന്ന സ്ത്രീകള്‍, കുളക്കടവില്‍ ഒറ്റക്കു കുളിക്കുന്ന സ്ത്രീകള്‍ എന്നിവരെ നിരീക്ഷിച്ച് തക്കം നോക്കി മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. രാത്രി സമയം ഭണ്ഡാര മോഷണവും നടത്തി വരുന്നു. ഏകദേശം ഒരു വര്‍ഷത്തോളമായി ഇവര്‍ മോഷണം നടത്തി വരുന്നു. ആദ്യമായിട്ടാണ് പോലീസിന്റെ പിടിയിലാവുന്നത്. ഇവരുടെ കൂട്ടത്തിലുള്ള മൂന്നാമനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷണ മുതലുകള്‍ വിറ്റു കിട്ടുന്ന പണം ബൈക്കില്‍ കറങ്ങി അടിച്ചു പൊളിച്ച് ജീവിക്കുകയാണ് ഇവരുടെ രീതി.
പ്രതികള്‍ വിറ്റഴിച്ച സ്വര്‍ണാഭരണങ്ങള്‍ പാലക്കാട് ടൗണിലെ ജ്വല്ലറികളില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
പാലക്കാട് ഡിവൈ.എസ്.പി ജി.ഡി.വിജയകുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ടൗണ്‍ നോര്‍ത്ത് എസ്.ഐ ആര്‍.രഞ്ജിത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍, പി.എ.നൗഷാദ്, ആര്‍.കിഷോര്‍, എം.സുനില്‍, കെ.അഹമ്മദ് കബീര്‍, ആര്‍.വിനീഷ്, എസ്.സന്തോഷ് കുമാര്‍, ആര്‍.രാജീദ്, ആര്‍.ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

 

Latest News