കളമശ്ശേരി - സപ്ലൈക്കോക്ക് വിറ്റ നെല്ലിന്റെ പണം കിട്ടാൻ തിരുവോണ നാളിലും പട്ടിണി സമരം നടത്തേണ്ടിവന്ന കർഷകരുടെ ദുരിതപർവ്വം ഓർമിപ്പിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്. കളമശ്ശേരിയിലെ കാർഷികോത്സവത്തിലായിരുന്നു ജയസൂര്യയുടെ വിമർശവും മന്ത്രിയുടെ മറുപടിയും.
കർഷകരിൽനിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പണം നൽകാത്തതാണ് കർഷകരുടെ ദുരിതത്തിന് കാരണമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഇനി മുതൽ കേന്ദ്രവിഹിതം കേരള വിഹിതം നൽകുമ്പോൾ തന്നെ നൽകാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷംകലർന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും പരിശോധിക്കണമെന്ന ജയസൂര്യയുടെ നിർദേശം പ്രസക്തമാെണന്നും ഇതിന് സംസ്ഥാനത്ത് സംവിധാനം ഒരുങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജയസൂര്യ പറഞ്ഞ ഒരു നിർദേശം പ്രസക്തമാണ്. ഭക്ഷ്യവസ്തുക്കളുടെ പരിശോധന. അത് ഞങ്ങൾ ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. ആദ്യത്തേത് വെളിച്ചെണ്ണയുടേതാണ്. സേഫ് ടു ഈറ്റ് എന്ന പേരിൽ വെളിച്ചെണ്ണ ബ്രാൻഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. പച്ചക്കറി പരിശോധിക്കാൻ ലാബുകൾ ആരോഗ്യവകുപ്പിന്റെ കീഴിൽ ആരംഭിക്കുന്നുണ്ട്.
കൃത്യസമയത്ത് വില കിട്ടണമെന്നതും ന്യായമായ കാര്യമാണ്. നെല്ല് സംഭരിക്കുന്നത് റേഷനിങ് സംവിധാനത്തിന് വേണ്ടിയാണ്. കിലോക്ക് 20.40 രൂപ കേന്ദ്ര സർക്കാറാണ് കർഷകർക്ക് കൊടുക്കുന്നത്. എന്നാൽ, ഇത് പോരെന്ന് മനസ്സിലാക്കി കേരള സർക്കാർ 7.80 രൂപ അധികമായി നൽകുന്നുണ്ട്. എന്നാൽ, കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുക വൈകുന്നതിനാൽ പലപ്പോഴും കേരളം ആ തുക കൂടി കടമെടുത്താണ് കർഷകർക്ക് നൽകുന്നത്. നമ്മുടെ 7.80 രൂപക്ക് പുറമേ കേന്ദ്രത്തിന്റെ 20.40 രൂപ കൂടി കൂട്ടി സംസ്ഥാനം വായ്പയെടുത്തു കൊടുക്കുന്നു. എന്നാൽ, ഇത്തവണ വായ്പയ്ക്ക് ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം അൽപം വൈകി. എങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ പൈസക്ക് കാത്തുനിൽക്കാെത 2200 കോടി കർഷകർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഓണം കണക്കിലെടുത്ത് കേരളത്തിന്റെ വിഹിതമായ 7.80 രൂപ എല്ലാ കർഷകർക്കും നൽകിയിട്ടുണ്ട്. അടുത്ത തവണ ഇതുപോലെ പ്രശ്‌നം ഇല്ലാതിരിക്കാൻ മന്ത്രിതല സമിതി ഉണ്ടാക്കിയിട്ടുണ്ട്. നെല്ല് കർഷകരിൽ നിന്ന് എടുക്കുമ്പോൾ തന്നെ പണം അവർക്ക് നൽകാനാണ് തീരുമാനമെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.
കൃഷിക്കാർ തങ്ങൾ നൽകിയ നെല്ലിന്റെ പണം ലഭിക്കാൻ തിരുവോണ നാളിലും പട്ടിണി സമരം കിടക്കുന്നതും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യ മന്ത്രിമാരെ വേദിയിലിരുത്തി കർഷകർ നേരിടുന്ന ഗൗരവമായ വിഷയങ്ങൾ ഉന്നയിച്ചത്. കൃഷിമന്ത്രിയും നടന്റെ പരാമർശത്തിൽ പ്രതികരിച്ചിരുന്നു.