റിയാദ് - റെയിൽ പാതകളുടെ വശങ്ങളിൽ ഇരുപതു ലക്ഷം മരങ്ങൾ നട്ടുവളർത്തുന്നതിനും ഹരിതവൽക്കരണം നടപ്പാക്കുന്നതിനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി അറേബ്യൻ റെയിൽവേ കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ നേടുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെയും സൗദി അറേബ്യൻ റെയിൽവെ കമ്പനിയുടെയും ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ധാരണാ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡുകളിലേക്കും തന്ത്രപ്രധാന സ്ഥാപനങ്ങളിലേക്കും മണൽ നിരങ്ങിയെത്തുന്നതും വരൾച്ചയും കുറക്കുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിലും വൃക്ഷവൽക്കരണത്തിനും ഹരിതവൽക്കരണത്തിനുമുള്ള പ്രാധാന്യം കണക്കിലെടുത്താണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി അറേബ്യൻ റെയിൽവെ കമ്പനിയും തമ്മിൽ ഫലപ്രദമായ പങ്കാളിത്തം സൃഷ്ടിക്കുന്നതിന് സഹകരണവും ഏകോപനവും ശക്തമാക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഉസാമ ഫഖീഹാ പറഞ്ഞു. ഇതനുസരിച്ച് റെയിൽ പാതകൾക്കു സമാന്തരമായ പ്രദേശങ്ങളിൽ വൃക്ഷവൽക്കരണത്തിന് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വർഷ കാലാവധിയുള്ള ധാരണാപത്രമാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി അറേബ്യൻ റെയിൽവേ കമ്പനിയും ഒപ്പുവെച്ചിരിക്കുന്നത്. പൊതുതാൽപര്യം മുൻനിർത്തി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെയും സൗദി അറേബ്യൻ റെയിൽവേ കമ്പനിയുടെയും ധാരണാ പ്രകാരം ഇത് ദീർഘിപ്പിക്കാവുന്നതാണ്. 2020 ഓടെ ഒരു കോടി വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിനുള്ള പദ്ധതി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.