കോട്ടയം - തിരുവോണ നാളില്‍ രാത്രി മദ്യപിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. നീണ്ടൂര്‍ ഓണംതുരുത്ത് സ്വദേശി അശ്വിന്‍ (32) ആണ് കൊല്ലപ്പെട്ടത്. അശ്വിന്‍ ഉള്‍പ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മില്‍ ഇന്നലെ രാത്രി നീണ്ടൂരിലെ ബാറില്‍ വെച്ച് സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഓണം തുരുത്ത് കവലയില്‍ വെച്ച് ഇരു കൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിലാണ് അശ്വിന് കുത്തേറ്റത്. ചികിത്സയിലിരിക്കേ ഇന്ന് മരണമടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. കൈപ്പുഴ മിഷ്യന്‍പറമ്പില്‍ വീട്ടില്‍ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രന്‍, നീണ്ടൂര്‍ തോട്ടപ്പള്ളി വീട്ടില്‍ അനിയായി എന്ന് വിളിക്കുന്ന അജിത്ത് എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.