Sorry, you need to enable JavaScript to visit this website.

വേതനം ലഭിക്കാത്തവരുടെ പ്രശ്‌നത്തിന് പരിഹാരം

സകാക്കയിൽ മാസങ്ങളായി വേതനം വിതരണം ചെയ്യാത്ത കമ്പനിയിൽ അൽജൗഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ പോലീസ് അകമ്പടിയോടെ പരിശോധനക്ക് എത്തിയപ്പോൾ.

സകാക്ക - തുടർച്ചയായി ആറു മാസത്തിലധികമായി വേതനം ലഭിക്കാത്ത 87 വിദേശ തൊഴിലാളികളുടെ പ്രശ്‌നത്തിന് അൽജൗഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ പരിശോധനാ വിഭാഗം ഇടപെട്ട് പരിഹാരമുണ്ടാക്കി. അൽജൗഫിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനിയിലെ തൊഴിലാളികൾക്കാണ് ആറു മാസത്തിലധികമായി വേതനം ലഭിക്കാത്തത്. ഇതേക്കുറിച്ച് തൊഴിലാളികൾ ലേബർ ഓഫീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസിന്റെ അകമ്പടിയോടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ കമ്പനിയിൽ നടത്തിയ സന്ദർശനത്തിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. 
മാസങ്ങളായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും തുടങ്ങിയിരുന്നു. കമ്പനിയിൽ പരിശോധന നടത്തുകയും കമ്പനി അധികൃതരുമായി ആശയ വിനിമയം നടത്തുകയും ചെയ്ത് കമ്പനിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും വേതന കുടിശ്ശിക വിതരണം ചെയ്യുന്നതിന് കർശന നിർദേശം നൽകുകയുമായിരുന്നെന്ന് അൽജൗഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ പരിശോധനാ വിഭാഗം മേധാവി അബ്ദുൽമജീദ് അൽഅനസി പറഞ്ഞു. തൊഴിലാളികൾക്ക് അനുയോജ്യമായ താമസ സ്ഥലം കമ്പനി ലഭ്യമാക്കിയിട്ടുണ്ടെന്നും ഉറപ്പു വരുത്തി. പ്രശ്‌ന പരിഹാരത്തിന് നടപടികളെടുത്തതോടെ തൊഴിലാളികൾ പണിമുടക്ക് അവസാനിപ്പിച്ച് ജോലിക്ക് ഇറങ്ങിയതായി അബ്ദുൽമജീദ് അൽഅനസി പറഞ്ഞു.

Latest News